പെണ്‍കുട്ടികളെ അശ്ലീലവീഡിയോ കാണിച്ച കേസ് പ്രതിയ്ക്ക് ജാമ്യം

കോഴിക്കോട്: പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം. പോലീസ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയെങ്കിലും കോഴിക്കോട്ടെ പ്രമുഖ വ്യവസായിക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കോഴിക്കോട്ട പ്രമുഖ വ്യവസായിയും റോട്ടറി ക്ലബ് ഭാരവാഹിയുമായ വി വി മുഹമ്മദലിക്കെതിരെയാണ് പൊലീസ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയത്. വീട്ട് ജോലിക്കാരായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ചുവെന്നാണ് കേസ്.

ദൃശ്യങ്ങള്‍ കണ്ട പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ തമിഴ്നാട് സ്വദേശികളായ പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് പ്രതി അവിടെയെത്തി. തുടര്‍ന്ന് പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും റെയില്‍വേ പൊലീസ് ഇടപെട്ട് കുട്ടികളെ ചൈല്‍ഡ് ലൈന് കൈമാറി. ചെല്‍ഡ് ലെന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വീട്ടു സാധനങ്ങള്‍ വാങ്ങിയ ശേഷം ബാക്കി വന്ന തുക ഏല്‍പിക്കാന്‍ ശ്രമിച്ചപ്പോള്‍ മുഹമ്മദലി ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ചു. ഈ സമയം കമ്പ്യൂട്ടറില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുകയായിരുന്ന പ്രതി അത് കാണാന്‍ കുട്ടികളെ നിര്‍ബന്ധിച്ചു. നേരത്തെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടുള്ള പ്രതിയെ ഭയന്ന് വീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി.

മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ ആക്ട് സെക്ഷന്‍ 11 , ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 79 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം 5 വര്‍ഷവും, പോക്സോ പ്രകാരം മൂന്ന് വര്‍ഷവും തടവ് കിട്ടാവുന്ന ശിക്ഷയാണ് ചുമത്തിയത്. എന്നാല്‍ പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

അതേ സമയം ലൈംഗികാക്രമണം നടന്നിട്ടില്ലാത്തതിനാലാണ് പോക്സോ കേസില്‍ ജാമ്യം അനുവദിച്ചതെന്നും, ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയെങ്കിലും വിവേചനാധികാരം കോടതിക്കാണെന്നുമാണ് കേസിലെ പ്രോസിക്യൂട്ടര്‍ അഡ്വ സുനിലിന്‍റെ പ്രതികരണം. കഴിഞ്ഞ രണ്ടിനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എറണാകുളത്ത് നിന്ന് വ്യവസായി മുഹമ്മദലിയുടെ കോഴിക്കോട്ടെ വീട്ടിലേക്ക് ജോലിക്കായി കൊണ്ടുവന്നത്.