ദില്ലി: സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് സംസ്ഥാന സര്‍ക്കാറിനെതിരെ വിഎസ് കുറിപ്പ് നല്‍കി. കുറിപ്പ് എല്ലാ പിബി അംഗങ്ങള്‍ക്കും വിതരണം ചെയ്തു.

ജനരോഷം ഉണ്ടാക്കുന്ന വിഷയങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നു എന്നാണ് വിഎസിന്‍റെ ആരോപണം. ഉദാഹരണമായി ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കെതിരായ പോലീസ് നടപടിയും മറ്റും വിഎസ് ഉദ്ധരിക്കുന്നുണ്ട്. കേരളത്തിലെ സര്‍ക്കാറുകള്‍ പലപ്പോഴും ഭരണത്തിന്‍റെ അവസാന വര്‍ഷങ്ങളിലാണ് ജനരോഷം നേരിടേണ്ടിവരുന്നത്.എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യവര്‍ഷം തന്നെ ഇത് ക്ഷണിച്ചുവരുത്തുന്ന നീക്കങ്ങളാണ് നടത്തുന്നത്.

കേരളത്തിലെ സര്‍ക്കാറിന്‍റെ കാര്യത്തില്‍ സിപിഎം ദേശീയ നേതൃത്വം കാര്യമായി ഇടപെടണമെന്നും വിഎസ് കുറിപ്പില്‍ പിബിയോട് ആവശ്യപ്പെടുന്നു. കേന്ദ്ര കമ്മിറ്റിയില്‍ വിഎസ് സംസാരിക്കുമെന്ന് കരുതിയിരുന്നെങ്കിലും അത് ഉണ്ടായില്ല.