പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രശസ്ത നര്‍ത്തകിയുടെ നേര്‍ക്ക് യുവാവിന്റെ ആസിഡ് ആക്രമണം. നാടോടി നൃത്ത രംഗത്ത് ടെലിവിഷന്‍ പരിപാടികളിലൂടെ പ്രശസ്തയായ രൂപാലി നിരാപുരേയ്ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രൂപാലിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു.  

ഇന്‍ഡോര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രശസ്ത നര്‍ത്തകിയുടെ നേര്‍ക്ക് യുവാവിന്റെ ആസിഡ് ആക്രമണം. നാടോടി നൃത്ത രംഗത്ത് ടെലിവിഷന്‍ പരിപാടികളിലൂടെ പ്രശസ്തയായ രൂപാലി നിരാപുരേയ്ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രൂപാലിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. 

മധ്യപ്രദേശിലെ ഇന്‍ഡോറിലെ ബാന്‍ഗംഗയിലാണ് സംഭവം. 21 കാരിയായ നര്‍ത്തകി അമേരിക്കയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് ആക്രമണം. രൂപാലിയുടെ കോര്‍ണിയയ്ക്ക് ആസിഡ് വീണു പൊള്ളലേറ്റു. രൂപാലിയുടെ ഡാന്‍സ് ക്ലാസിലെ തന്നെ വിദ്യാര്‍ത്ഥിയായ മഹേന്ദ്ര എന്ന സോനുവാണ് ആക്രമണത്തിന് പിന്നില്‍ . ഇയാളെ പൊലീസ് പിടികൂടി. 

നിരവധി ടെലിവിഷന്‍ പരിപാടിയിലൂടെ പ്രശസ്തയായ രൂപാലിയോട് യുവാവ് നിരവധി പ്രാവശ്യം പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ താല്‍പര്യമില്ലെന്ന് രൂപാലി വിശദമാക്കിയതാണ് ആസിഡ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് സോനു പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ ആക്രമിക്കാന്‍ ഉപയോഗിച്ചത് ആസിഡ് അല്ലെന്നും രാസപദാര്‍ത്ഥമാണെന്നുമാണ് സോനു അവകാശപ്പെടുന്നത്

രൂപാലിയുടെ വീടിന് വെളിയില്‍ ഒളിച്ചു നിന്ന ഇയാള്‍ രൂപാലിയുടെ മുഖത്തേക്ക് ബോട്ടിലില്‍ കരുതിയ ആസിഡ് ഒഴിക്കുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു.