ചവറ കെഎംഎംഎല്ലില്‍ നിന്നും സമീപവാസികള്‍ക്ക് വിതരണം ചെയ്യുന്ന ശുദ്ധജലത്തില്‍ ആസിഡ് കലരുന്നുവെന്ന് കണ്ടെത്തല്‍.കെഎംഎംഎല്‍ എംഡി സര്‍ക്കാരിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി.വിശദമായ അന്വേഷണത്തിന് റിയാബ് ചെയര്‍മാനെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തി.ഈ മാസം പതിനൊന്നിനാണ് ആസിഡ് കലര്‍ന്ന ജലം സമീപവാസികള്‍ക്ക് വിതരണം ചെയ്തതായി പരാതി ഉയര്‍ന്നത്.

കൊല്ലം: ചവറ കെഎംഎംഎല്ലില്‍ നിന്നും സമീപവാസികള്‍ക്ക് വിതരണം ചെയ്യുന്ന ശുദ്ധജലത്തില്‍ ആസിഡ് കലരുന്നുവെന്ന് കണ്ടെത്തല്‍.കെഎംഎംഎല്‍ എംഡി സര്‍ക്കാരിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി.വിശദമായ അന്വേഷണത്തിന് റിയാബ് ചെയര്‍മാനെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തി.ഈ മാസം പതിനൊന്നിനാണ് ആസിഡ് കലര്‍ന്ന ജലം സമീപവാസികള്‍ക്ക് വിതരണം ചെയ്തതായി പരാതി ഉയര്‍ന്നത്.

പരാതി അടിസ്ഥാന രഹിതമാണെന്നായിരുന്നു കെഎംഎംഎല്ലിന്‍റെ ആദ്യ നിലപാട്.ചവറ നിവാസികള്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവായത്.പതിനൊന്നിന് വിതരണം ചെയ്ത വെള്ളത്തിന്‍റെ സാമ്പിള്‍ കെഎംഎംഎല്‍ എംഡിയുടെ റോയി കുര്യന്‍റെ നേതൃത്വത്തില്‍ ശേഖരിച്ചു.കമ്പനിയിലെ ഓക്സിഡേഷൻ പ്ലാന്‍റിലെ എമര്‍ജൻസി വാട്ടര്‍ ലൈനിലെ ചോര്‍ച്ച മൂലമാണ് ആസിഡ് ശുദ്ധജലത്തില്‍ കലര്‍ന്നതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

ജലവിതരണ നിയന്ത്രണ സംവിധാനത്തിലെ ഉപകരണങ്ങളുടെ തകരാര്‍ മറ്റിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ആസിഡ് കലര്‍ന്ന ജലം ഉപയോഗിച്ച ചവറ നിവാസികള്‍ പരിഭ്രാന്തിയിലാണ്. സംഭവത്തെത്തുടര്‍ന്ന് കെഎംഎംഎല്ലില്‍ നിന്നുള്ള കുടിവെള്ള വിതരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചു. റിയാബ് ചെയര്‍മാൻ എൻ ശശിധരന്‍ നായര്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഒക്ടോബര്‍ ഒന്നിന് സമര്‍പ്പിക്കും.അതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് സെക്രട്ടറി അറിയിച്ചു.