റിയാദ്: സൗദിയില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ കൈവശം വെക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. കൈവശം വെച്ചിരിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ ഒരു മാസത്തിനകം തിരിച്ചു നല്‍കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമ കൈവശം വെക്കാന്‍ പാടില്ലെന്ന് സൗദി തൊഴില്‍മന്ത്രാലയം വ്യക്തമാക്കി.

ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും ഇപ്പോഴും പല സ്‌പോണ്‍സര്‍മാരും തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ കൈവശം വെക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. പാസ്‌പോര്‍ട്ട് കൈവശം വെക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൈവശം വെക്കുന്ന ഓരോ പാസ്‌പോര്‍ട്ടിനും രണ്ടായിരം റിയാല്‍ എന്ന തൊഴില്‍ പിഴ ചുമത്തുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

ഒരു മാസത്തിനകം തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തിരികെ കൊടുത്തില്ലെങ്കില്‍ പിഴ ഇരട്ടിയാകും. അതേസമയം തൊഴിലാളികളുടെ രേഖാമൂലമുള്ള സമ്മതമുണ്ടെങ്കില്‍ സ്‌പോണ്‍സര്‍ക്ക് പാസ്‌പോര്‍ട്ട് കൈവശം വെക്കാം. ഇങ്ങിനെയുള്ള സാഹചര്യത്തില്‍ അറബിക്ക് പുറമേ തൊഴിലാളിയുടെ മാതൃഭാഷയിലും സമ്മതപത്രം തയ്യാറാക്കണം എന്നാണു നിര്‍ദേശം. പാസ്‌പോര്‍ട്ട് വ്യക്തികളുടെ സ്വകാര്യ സ്വത്താണെന്നും ഇത് സ്‌പോണ്‍സര്‍ കൈവശം വെക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അന്താരാഷ്‌ട്ര തൊഴില്‍ നിയമത്തിന് എതിരാണെന്നും കൌണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ് വ്യക്തമാക്കി.

മലയാളികളുടെതുള്‍പ്പെടെ പല വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകളും തൊഴിലുടമകള്‍ കൈവശം വെച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ തൊഴിലാളികള്‍ക്ക് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തില്‍ പരാതിപ്പെടാം.