വിദേശയാത്രക്ക് അനുമതി തേടി നടൻ ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കും. സിനിമാ ചിത്രീകരണത്തിന് ബാങ്കോക്കിലേക്ക് പോകണമെന്ന് ആവശ്യം.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപ് വിദേശത്ത് പോകാൻ അനുമതി തേടി സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ആണ് ഹർജി പരിഗണിക്കുന്നത്. 

വിസ സ്റ്റാമ്പിംഗിനായി കഴിഞ്ഞ ദിവസം ദിലീപിന്‍റെ പാസ്പോർട്ട് കോടതിവിട്ടു നൽകിയിരുന്നെങ്കിലും യാത്ര അനുമതിയുടെ കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. സിനിമാ ചിത്രീകരണത്തിനായി നവംബർ 15 മുതൽ ജനുവരി 5 വരെ ബാങ്കോക്കിലേക്ക് പോകുന്നതിനാണ് ദിലീപ് കോടതിയുടെ അനുമതി തേടിയത്. ഇക്കാര്യത്തിൽ കോടതി ഇന്ന് തീരുമാനമെടുക്കും. എന്നാൽ ഒന്നര മാസം വിദേശ യാത്ര നടത്താൻ പ്രതിക്ക് അനുവാദം നൽകരുതെന്നാണ് പ്രോസിക്യൂഷന്‍റെ ശക്തമായ നിലപാട്.