മകൾ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ തട്ടിക്കൊണ്ടുപോകൽ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരായ പൊലീസ് കേസിൽ വിശദമായ പ്രതികരണവുമായി നടൻ കൃഷ്ണകുമാറും കുടുംബവും. മകൾ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ തട്ടിക്കൊണ്ടുപോകൽ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേ സമയം സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ ആദ്യം പരാതി നൽകിയിരുന്നുവെന്ന് കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 69 ലക്ഷം രൂപയാണ് കാണാതായിരിക്കുന്നതെന്ന് കൃഷ്ണകുമാർ വ്യക്തമാക്കുന്നു.

‘2021 ൽ ആരംഭിച്ച സ്ഥാപനമാണിത്. വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരികയാണ്. ദിയയുടെ കല്യാണത്തിന് ശേഷം പ്ര​ഗ്നന്റ് ആയ സമയത്ത്, ആദ്യത്തെ അഞ്ച് മാസം വീടും ആശുപത്രിയുമായി കഴിയേണ്ടി വന്നു. ഈ കുട്ടികൾ ഇവിടെ നേരത്തെ ജോലി ചെയ്തവരാണ്. ഇവരുമായി നല്ല ബന്ധമാണ്. അതുകൊണ്ട് അവരെ വിശ്വസിച്ച് കാര്യങ്ങൾ നടത്തി. കുറച്ച് കഴിഞ്ഞപ്പോഴാണ് ഓഡിറ്റർ അറിയിക്കുന്നത്, ചെറിയൊരു പ്രശ്നം കാണുന്നുണ്ട്. വരവും സ്റ്റോക്കും തമ്മിൽ മാച്ചാകുന്നില്ല. അത് ചോദിച്ചപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ചോദിച്ചപ്പോൾ കുറച്ച് പൈസ ഞങ്ങളെടുത്തു എന്ന് അവര്‍ പറയുന്നു. തിരിച്ചു തരാമെന്ന് അവർ പറയുന്നു. അങ്ങനെ എന്റെ ഓഫീസിലെത്തി. 8,82,000 രൂപ തരുന്നു. പിന്നീട് കണക്ക് എടുത്ത് നോക്കിയപ്പോൾ 69 ലക്ഷം രൂപയാണ് പോയിരിക്കുന്നത്. തിരികെ തരാം സമയം തരണം എന്ന് അവര്‍ പറഞ്ഞു. തൊട്ടടുത്ത ദിവസം മകളെ വിളിച്ച് അവര്‍ ഭീഷണിപ്പെടുത്തി. പിന്നീടാണ് ഞാൻ പൊലിസിൽ പരാതി കൊടുത്തത്. പിറ്റേന്ന് അവര്‍ മറ്റൊരു പരാതി കൊടുക്കുന്നു. ഞങ്ങള്‍ അവരെ തട്ടിക്കൊണ്ടുപോയി ബലമായിട്ട് പൈസ വാങ്ങിച്ചു എന്ന്. ഞങ്ങള്‍ പൊലീസില്‍ മൊഴി കൊടുത്തിട്ടുണ്ട്. സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസിന് നല്‍കിയിട്ടുണ്ട്.' 

മകളുടെ ക്യു ആർ കോഡ് ഉപയോ​ഗിച്ചാണ് പണം തട്ടിയെടുത്തതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. അതേ സമയം, പരാതിക്കാരായ സ്ത്രീകൾ ദിയയുമായി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൃഷ്ണകുമാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇവര്‍ ഓഫീസിൽ നിന്ന് ഇറങ്ങിപ്പോകുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നല്‍കിയിട്ടുണ്ടെന്നും അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കൃഷ്ണകുമാര്‍ പറഞ്ഞു. ഏകദേശം 9 മാസത്തിനുള്ളില്‍ നടന്ന തട്ടിപ്പാണിതെന്ന് അനുമാനിക്കുന്നുവെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.