കൊല്ലം:  കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ചലചിത്രതാരം ടൊവിനോ തോമസ്. ഒരു ജനത നടത്തുന്ന സമരം കാണാതെ മുന്നോട്ട് പോകാൻ അധികകാലം കഴിയില്ലെന്നും കേരളം ഈ വിഷയം ഏറ്റെടുക്കുമെന്നും ടൊവിനോ തോമസ് കൊല്ലത്ത് പറഞ്ഞു. 

സേവ് ആലപ്പാട് എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്യാംപെയിനെ കുറിച്ച് കണ്ടിട്ടുണ്ടെന്നും പക്ഷേ കേരളത്തിന്റെ മുഖ്യധാരാ പ്രശ്നമായി ഇതു ചർച്ചചെയ്യുന്നില്ലെന്നും ടൊവിനോ പറഞ്ഞു. കേരള സംസ്ഥാന യുവജന കമ്മീഷന്‍ കൊല്ലത്ത് നടത്തിയ നവോത്ഥാന യുവസംഗമത്തില്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയതായിരുന്നു ടോവിനോ. 

എനിക്കിതില്‍ നടപടി എടുക്കാന്‍ സാധിക്കില്ലായിരിക്കും. പക്ഷേ എനിക്ക് ചെയ്യാവുന്ന കാര്യം അത് ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുത്തുകയാണ്. ചിലപ്പോള്‍ ഞാന്‍ ഒരു പൊതുവേദിയില്‍ പറഞ്ഞാല്‍ ഇത് കൂടുതല്‍ ആളുകള്‍ അറിയുമായിരിക്കുമെന്ന് ടൊവിനോ കൂട്ടിച്ചേര്‍ത്തു. പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്, കേരളാ മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ആലപ്പാട് കരിമണല്‍ ഖനനം നടത്തുന്നത്.