ചെന്നൈ: ഗൗണ്ടര്‍ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ തമിഴ് നടന്‍ വിനു ചക്രവര്‍ത്തി(72) അന്തരിച്ചു‍. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളുകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയുമായിരുന്നു. 2014ല്‍ അഭിനയിച്ച വായി മൂടി പേസുവോം ആണ് അവസാനം അഭിനയിച്ച ചിത്രം.

തമിഴകത്തെ പഴയകാലനടന്മാരില്‍ പ്രമുഖനായ അദ്ദേഹം പലഭാഷകളിലായി ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു.1988ല്‍ സംഘം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിലെത്തിയത്. മേലേപ്പറമ്പില്‍ ആണ്‍വീടില്‍ ശോഭനയുടെ അച്ഛന്‍ കഥാപാത്രമായ വീരമുത്തു ഗൗണ്ടറെ അവതരിപ്പിച്ചതോടെയാണ് അദ്ദേഹം മലയാളത്തില്‍ ശ്രദ്ധേയനാകുന്നത്.

അദ്ദേഹത്തിന്റെ ശബ്ദമായിരുന്നു മറ്റുനടന്മാരില്‍ നിന്നും വ്യത്യസ്തമാക്കി ഒരു പ്രധാനഘടകം. ലേലം, തെങ്കാശിപ്പട്ടണം, നാടൻ പെണ്ണും നാട്ടുപ്രമാണിയും, രുദ്രാക്ഷം, കമ്പോളം, മേലേപ്പറമ്പിൽ ആൺ‌വീട്, രാജാധാനി, കിടിലോല്‍ക്കിടിലം, സ്ഥിതി, സംസാരം ആരോഗ്യത്തിന് ഹാനികരം എന്നിവയാണ് അദ്ദേഹം അഭിനയിച്ച മലയാള ചിത്രങ്ങള്‍.