കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ഒരു അഭിഭാഷകന്‍ കൂടി അറസ്റ്റില്‍. സുനില്‍ കുമാറിന്‍റെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫാണ് അറസ്റ്റിലായത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നാണ് കണ്ടെത്തല്‍ . കേസില്‍ ദിലീപിന്‍റെ ബന്ധുക്കളെയും ചോദ്യം ചെയ്തു.

ആലുവ പോലീസ് ക്ളബ്ബിലേക്ക് വിളിച്ചുവരുത്തി നാല് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് രാജു ജോസഫിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വാഹനവും പിടിച്ചെടുത്തു. കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ തന്‍റെ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ പ്രധാന തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ ഏല്‍പ്പിച്ചെന്നായിരുന്നു മൊഴി. സഹ അഭിഭാഷകനായ രാജു ജോസഫിന് പ്രതീഷ് ചാക്കോ ഇത് കൈമാറി.

തന്റെ കാറിനുള്ളില്‍വെച്ച് ഈ മൊബൈല്‍ നശിപ്പിച്ചെന്നാണ് രാജു ജോസഫിന്‍റെ മൊഴി. തെളിവ് നശിപ്പിച്ച കുറ്റത്തനാണ് അഭിഭാഷകനെ അറസ്റ്റ് ചെയ്ത്.പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.അഡ്വ.പ്രതീഷ് ചാക്കോയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇതിനിടെ തെളിവ് ശേഖരണത്തിന്‍റെ ഭാഗമായി ദിലീപിന്‍റെ സഹോദരി ഭര്‍ത്താവ് സൂരജ്, മഞ്ജുവാര്യരുടെ സഹോദരന്‍ മധു വാര്യര്‍ എന്നിവരുടെ മൊഴി എടുത്തു. കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് രഹസ്യ മൊഴിക്ക് ശേഷം പറയാമെന്ന് മുഖ്യപ്രതി സുനില്‍കുമാറും ആവര്‍ത്തിച്ചു.

ഇതിനിടെ യുവനടിയോട് അപമര്യാദയായി പെരുമാറിയെന്ന് മറ്റൊരു കേസില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍ അടക്കമുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിനിടെ സിനിമ ചിത്രീകരിച്ച മരടിലെ റിസോര്‍ട്ടില്‍ പോലീസ് എത്തി തെളിവെടുത്തു.