നടിയെ ആക്രമിച്ച കേസ് പള്‍സര്‍ സുനിയുടെ വക്കാലത്ത് ആളൂർ ഒഴിയുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി സുനിൽകുമാറിന്‍റെ വക്കാലത്ത് അഡ്വ ബി എ ആളൂർ ഒഴിഞ്ഞു. ആലുവയിൽ നിന്നുള്ള അഭിഭാഷകർ കേസ് ഏറ്റെടുക്കാനുള്ള സന്നദ്ധത സുനിൽകുമാറിനെ അറിയിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ആളൂരിന്‍റെ ഓഫീസ് അറിയിച്ചു. തിങ്കളാഴ്ച തന്നെ അഡ്വ.ആളൂർ തീരുമാനം വിചാരണ കോടതിയെ അറിയിക്കും. കേസിന്‍റെ തുടക്കത്തിൽ തന്നെ സുനിൽകുമാറിനെ സമീപിച്ചാണ് അഡ്വ.ആളൂർ വക്കാലത്ത് ഏറ്റെടുത്തതാണ്. 

കേസ് വിചാരണഘട്ടത്തിൽ എത്തിയപ്പോഴുള്ള പിന്മാറ്റത്തിന് ആളൂരിന്‍റെ ഓഫീസ് പറയുന്ന കാരണങ്ങൾ ഇങ്ങനെ: കഴിഞ്ഞ തവണ സുനിൽകുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ ആലുവയിൽ നിന്നുള്ള ചില അഭിഭാഷകരെത്തി കണ്ടിരുന്നു. സുനിൽകുമാറിന് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്ത അഭിഭാഷകർ വക്കാലത്ത് ഏറ്റെടുക്കാനും താല്പര്യം അറിയിച്ചു. സംഭവത്തിന് ദിവസങ്ങൾക്കുള്ളിൽ ചില അഭിഭാഷകർ അഡ്വ.ആളൂരിന്‍റെ ഓഫീസുമായും ബന്ധപ്പെട്ടു. സുനിൽകുമാറിന്‍റെ വക്കാലത്ത് ഒഴിയണമെന്ന് ഇവർ ആവശ്യപ്പെട്ടതായാണ് ആളൂരിന്‍റെ ഓഫീസ് ആരോപിക്കുന്നത്. ഇത് ആരാണ്, എന്തിനാണെന്നോ ഇപ്പോൾ അറിയില്ലെങ്കിലും, ഈ സാഹചര്യത്തിൽ കേസിൽ നിന്ന് പിന്മാനാണ് അഡ്വ.ആളൂരിന്‍റെ തീരുമാനം. 

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ജൂലൈ 4ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് ദിലീപിന്‍റെ വിമർശിച്ച് കൊണ്ട് സർക്കാർ നിലപാടെടുത്തിരുന്നു. കേസിൽ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന നടിയുടെ ഹർജിയും,കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന രണ്ട് അഭിഭാഷകരുടെ ഹർജിയും വിചാരണ കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുക. സുനിൽകുമാറിന്‍റെ ജാമ്യാപേക്ഷയും തിങ്കളാഴ്ച ഹൈക്കോടതിയിൽ വരുന്നുണ്ട്.