കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ഏഴിനകം സമര്‍പ്പിച്ചേക്കും. പരമാവധി തെളിവുകള്‍ ഉള്‍ക്കൊള്ളിച്ചാവും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക. അതുകൊണ്ടാണ് ജാമ്യാപേക്ഷയില്‍ വിധിപറയും മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാത്തതെന്ന് പോലീസ് പറഞ്ഞു.ഗൂഡാലോചന, കൂട്ട ബലാത്സംഗം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് എഡിജിപി ബി. സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പോലീസ് ക്ലബില്‍ രാത്രി വൈകിയും ചര്‍ച്ച നടന്നു.

കേസില്‍ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ മാത്രമാണ് ഇനി ലഭിക്കാനുള്ളത്. ഇത് കുറ്റപത്രത്തില്‍ സൂചിപ്പിച്ചാല്‍ മതിയാകും. കേസ് ഏകദേശം പൂര്‍ത്തിയായെന്നും പോലീസ് അറിയിച്ചു. 

കേസില്‍ ചോദ്യം ചെയ്തവരുള്‍പ്പെടെ നടനെ സന്ദര്‍ശിക്കുന്നത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ആരെയൊക്കെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളാക്കുന്നതെന്ന് വ്യക്തമല്ല.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ക്വട്ടേഷനാണെന്ന് ഏഴാം പ്രതി രഹസ്യമൊഴി നല്‍കി.

ചാര്‍ളിയാണ് ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയത്. നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞതായാണ് ചാര്‍ളി വ്യക്തമാക്കുന്നത്. ഈ രഹസ്യമൊഴിയോടെ, ചാര്‍ളിയെ കേസില്‍ മാപ്പ് സാക്ഷിയാക്കും. കോയമ്പത്തൂരില്‍ ചാര്‍ളിയുടെ വീട്ടിലാണ് സുനില്‍കുമാര്‍ ഒളിവില്‍ കഴിഞ്ഞത്. നടി ആക്രമിക്കപ്പെട്ട് മൂന്നാം ദിവസമാണ് സുനില്‍കുമാര്‍ ക്വട്ടേഷന്‍ വിവരം തന്നോട് പറഞ്ഞതെന്നും ചാര്‍ളി നല്‍കിയ രഹസ്യമൊഴിയിലുണ്ട്.