കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ വിശാംശങ്ങൾ ദിലിപ് മനസിലാക്കിയത് സംശയകരമെന്ന് പ്രോസിക്യുഷന്‍ കോടതിയിൽ റിപ്പോർട്ട്‌ നൽകി. കോടതിയിൽവച്ചു മാത്രം കണ്ട ദൃശ്യത്തിലെ വിശദാംശങ്ങൾ മനസിലാക്കി എന്ന് പറയുന്നത് വിശ്വസനീയമല്ല. പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നും പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പും മറ്റു രേഖകളും ആവശ്യപ്പെട്ട് ദിലിപ് നല്‍കിയ ഹര്‍ജികളിലാണ് ദിലീപിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന പ്രോസിക്യുഷന്‍ നിലപാട്. ദൃശ്യങ്ങളിലെ ചെറിയ ശബ്ദങ്ങളെക്കുറിച്ചു പോലും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വച്ചു പരിശോധിച്ചതിലുടെ ഇത് കണ്ടെത്താനാവില്ല. ചെറിയ ശബ്ദങ്ങള്‍ വേര്‍തിരിച്ചറിയാന്‍ അത്യാധുനിക സൗകര്യമുള്ള ലാബ്‌ വേണം. പ്രതിഭാഗത്തിന്റെ പക്കല്‍ ദൃശ്യങ്ങള്‍ ഉണ്ട് എന്നതിലേക്കാണ് ദിലീപിന്റെ വാദം വിരല്‍ ചൂണ്ടുന്നത്.

ദിലീപിന്റെ വിദേശയാത്രപോലും ശബ്ദ പരിശോധനയ്‌ക്ക് ആയിരുന്നോ എന്ന് സംശയിക്കണം എന്നും പ്രോസിക്യുഷന്‍ റിപ്പോര്‍ട്ട്‌ പറയുന്നു. ദിലീപിന് ദൃശ്യങ്ങള്‍ നല്‍കുന്നത് ഇരയുടെ സുരക്ഷയ്‌ക്ക് ആപത്താണ്. പരിശോധിക്കാന്‍ മാത്രം നല്‍കിയ ദൃശ്യത്തെക്കുറിച്ചു വലിയ ചര്‍ച്ചകള്‍ ഉണ്ടായെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ദിലീപിന് നല്‍കാവുന്ന 71 രേഖകളുടെ പട്ടികയും കോടതിക്ക് കൈമാറി.

നല്‍കാന്‍ കഴിയാത്ത രേഖകളുടെ വിശദംശങ്ങളും കോടതിയെ ധരിപ്പിച്ചു. പ്രതിഭാഗം വാദം കേള്‍ക്കാനായി കേസ് 25 ലേക്ക്‌ മാറ്റി. ഇരയെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്നു ആരോപിച്ചു ഒരു ടിവി ചാനല്‍ ഉള്‍പ്പടെ മൂന്ന് മാധ്യമങ്ങള്‍ക്കെതിരെ പോലീസ് കേസ് എടുത്തു.