തിരുവനന്തപുരം: ആക്രമണത്തിനിരയായ നടിയെ കുറിച്ചുള്ള പരാമര്‍ശത്തെ ചൊല്ലി സ്പീക്കറും പിസി ജോര്‍ജും തമ്മില്‍ നേര്‍ക്കുനേര്‍. മനുഷ്യത്വവിരുദ്ധമായ പരാമര്‍ശം നടത്തിയ ജോര്‍ജിനെതിരെ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഒരാളെ മാത്രം തെരഞ്ഞ് പിടിച്ച വിമര്‍ശിച്ച സ്പീക്കറുടെ നടപടി രാഷ്ട്രീയമനസ്സോടെയാണെന്നായിരുന്നു ജോര്‍ജിന്റെ പരോക്ഷ വിമര്‍ശനം.
ജോര്‍ജ്ജിനെതിരായ നടപടിക്കാണ് സ്പീക്കറുടെ നീക്കം. വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലെ തുടര്‍ നടപടി സ്പീക്കറുടെ ഓഫീസ് പരിശോധിക്കുകയാണ്. ഒരു പക്ഷേ സ്പീക്കര്‍ നേരിട്ട് ജോര്‍ജിനോട് വിശദീകരണം ചോദിക്കും. എല്ലെങ്കില്‍ എത്തിക്‌സ് കമ്മിറ്റിക്ക് വിടും. ജോര്‍ജ്ജ് എത്തിക്‌സ് കമ്മിറ്റി അംഗം കൂടിയാണ്. കമ്മിറ്റിക്ക് വിട്ടാല്‍ അന്വേഷണ വേളയില്‍ ജോര്‍ജിനോട് കമ്മിറ്റിയില്‍ നിന്നും മാറി നില്‍ക്കാനാവശ്യപ്പെടും.

ഫേസ്ബുക്കിലൂടെ സ്പീക്കര്‍ ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ചു. ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ പ്രസ്താവനകള്‍ ക്രിമിനലുകളെ പ്രോത്സാഹനമാകുമെന്നാണ് പി.ശ്രീരാമകൃഷ്ണന്റെ വിമര്‍ശനം. മനുഷ്യത്വ വിരുദ്ധ പ്രസ്താവനയില്‍ സ്പീക്കര്‍ എന്ന നിലയില്‍ സാധ്യമായ നടപടിയെല്ലാം സ്വീകരിക്കമെന്നാണ് മുന്നറിയിപ്പ്. അതേ സമയം സ്പീക്കര്‍ക്കെതിരെ ഒളിയെമ്പ് എയ്താണ് ജോര്‍ജിന്റെ മറുപടി. എല്ലാവരെയും ഒരുപോലെ കാണേണ്ട ആള്‍ തന്നെ മാത്രം തെരഞ്ഞെപിടിച്ച് വിമര്‍ശിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് ആക്ഷേപം.
പെമ്പിളൈ ഒരുമക്കെതിരായ എംഎം മണിയുടെ പരാമര്‍ശം വലിയ ചര്‍ച്ചയായപ്പോള്‍ പ്രതിഷേധമുണ്ടായില്ല. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ആള്‍ ഒരു എംഎല്‍എ.യുടെ ഡ്രൈവറായിരുന്നുവെന്ന വിവരം പുറത്തുവന്നപ്പോഴും പ്രസ്താവനകള്‍ ഉണ്ടായില്ലെന്നും ജോര്‍ജ്ജ് ഓര്‍മ്മിപ്പിച്ചു. ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടി കത്തയച്ചിരുന്നു. ജോര്‍ജിനെതിരെ കേസ് എടുത്ത വനിതാ കമ്മീഷന്‍ എംഎല്‍എ.യില്‍ നിന്നും ഉടന്‍ മൊഴി എടുക്കാനിരിക്കെയാണ് വിവാദം ശക്തമാകുന്നത്.
