കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ച് ഇടത് എംഎല്‍എ ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവനക്കെതിരെ അന്വേഷണ സംഘം. ഗണേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ അന്വേഷണ സംഘം കോടതിയെ സമീപിച്ചു. എംഎല്‍എയുടെ പ്രസ്താവന അസൂത്രിതമെന്ന് പൊലീസ് കോടതിയില്‍ ആരോപിച്ചു.

ദിലിപിനെ ജയിലിലെത്തി കണ്ട ശേഷം നടന്റെ സഹായം പറ്റിയവരെല്ലാം ദിലീപിന് വേണ്ടി രംഗത്ത് വരണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ദിലീപിനെ സിനിമാക്കാര്‍ സഹായിക്കണമെന്ന പ്രസ്താവന സാക്ഷികളെ സ്വാധീനിക്കാനാണ്. പൊലീസിനെതിരായ പ്രചാരണത്തിലും അസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 

അമ്മ വൈസ് പ്രസിഡന്റ് കൂടിയയാ ഗണേഷ്‌കുമാറിന്റെ പ്രസ്താവന അന്വേഷണം അട്ടിമറിക്കാനാണെന്നും കോടതി അടിയന്തരമായി ഇടപെടണമെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ജയിലില്‍ സിനിമാ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയതും സംശയാസ്പദമാണെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ ധരിപ്പിച്ചു.