കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായ്‌ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പോലീസ്. ദിലീപിനെയും നാദിര്‍ഷായേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും വിശദമായി ചോദ്യം ചെയ്തുവെന്നും ആവശ്യമെങ്കില്‍ ഇവരെ വീണ്ടും വിളിപ്പിക്കുമെന്നും ആലുവ റൂറല്‍ എസ്‌പി എ വി ജോര്‍ജ് പറ‍ഞ്ഞു. പുലര്‍ച്ചെ ഒന്നരക്കാണ് ഇരുവരുടെയും 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. എന്നാല്‍ മാരത്തണ്‍ ചോദ്യം ചെയ്യലിനൊടുവില്‍ പുറത്തുവന്ന ദിലീപ് തന്റെ പരാതിയില്‍ മൊഴിയെടുക്കാനാണ് പൊലീസ് വിളിപ്പിച്ചതെന്ന് നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. കേസില്‍ പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും ദിലീപ് പറഞ്ഞു.

ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ ഇന്ന് പുലര്‍ച്ചെ ഒന്നരക്ക് അവസാനിച്ചത്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടും ദിലീപ് നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലായുരുന്നു മൊഴിയെടുത്തത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കവെ രാത്രി 12 മണിയോടെ നടന്‍ സിദ്ദിഖും നാദര്‍ഷായുടെ സഹോദരന്‍ സമദും ആലുവ പൊലീസ് ക്ലബിലെത്തിയിരുന്നു. എന്നാല്‍ ദിലീപിനെയും നാദിര്‍ഷായേയും കാണാന്‍ ഇവരെ ആദ്യം പൊലീസ് അനുവദിച്ചില്ല. പിന്നീട് നാദിര്‍ഷായെ കാണാന്‍ സഹോദരന്‍ സമദിനെ അനുവദിച്ചു. സഹപ്രവര്‍ത്തനെ കാണാത്തതിനാല്‍ അന്വേഷിച്ച് വന്നതെന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആലുവ പോലീസ് ക്ലബ്ബിലെത്തിയ ദിലീപും നാദിര്‍ഷായും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി രണ്ടോ മൂന്നോ മണിക്കൂര്‍ കൊണ്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ചോദ്യം ചെയ്യല്‍ അര്‍ധരാത്രി വരെ നീളുകയായിരുന്നു. ഇതിനിടെ അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. യോഗത്തിലും ഈ വിഷയം ചര്‍ച്ചയായെന്ന് ഇടവേള ബാബു പ്രതികരിക്കുകയും ചെയ്തു.

നടിയെ ആക്രമിച്ചതിനെക്കുറിച്ച് ദിലീപിനും നാദിര്‍ഷക്കും മുന്നറിവ് ഉണ്ടായിരുന്നെന്നാണ് കേസിലെ മുഖ്യ പ്രതി സുനില്‍ കുമാറിന്റെ മൊഴി. ഇതുമായി ബന്ധപ്പെട്ട കത്തും ശബ്ദരേഖകളും പുറത്തുവരുകയും ചെയ്തു. പൊലീസ് ശേഖരിച്ച വിവരങ്ങളുടെ കൂടെ അടിസ്ഥാത്തിലായിരുന്നു പതിമൂന്ന് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യല്‍.