കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാർ ദിലീപിനയച്ച കത്തിലെ വിശദാംശങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കാക്കനാട്ട് കാവ്യാ മാധവന്‍റെ ഉടമസ്ഥതയിലുളള ഓൺലൈൻ സ്ഥാപനത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. പ്രതികളുമായി ബന്ധമുളളവ‍ർ ഒരു മാഡത്തെക്കുറിച്ച് പറഞ്ഞെന്ന ഫെനി ബാലകൃഷ്ണന്‍റെ വെളിപ്പെടുത്തലിലും അന്വേഷണം തുടങ്ങി. 

കേസിലെ മുഖ്യപ്രതി സുനിൽകുമാർ ദീലീപനയച്ച കത്തിൽ രണ്ടിടങ്ങളിലാണ് കാക്കനാട്ടെ സ്ഥാപനത്തെക്കുറിച്ച് പരാർമർഷിക്കുന്നത്. കീഴടങ്ങുന്നതിന് കാക്കനാട്ടെ കടയിലെത്തിയെന്നും അപ്പോൾ എല്ലാവരും ആലുവയിലാണെന്നറിഞ്ഞെന്നുമാണ് പരാമർശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കാവ്യാമാധവന്‍റെ ഉടമസ്ഥതയിലുളള ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പോലീസ് പരിശോധന നടത്തിയത്. 

സ്ഥാപനത്തിന്‍റെ രജിസ്റ്ററുകളും പണമിടപാട് സംബന്ധമായ രേഖകളും പരിശോധനക്കെടുത്തു. ദീലീപുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും സ്ഥാപനങ്ങൾ മേഖലയിലുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ ദീലീപിന്‍റെ മൊഴിയിൽ പരാമ‍ർശമുളള സോളാർ കേസ് അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്‍റെ മൊഴി അന്വേഷണസംഘം നാളെ രേഖപ്പെടുത്തും. സുനിൽകുമാറിന്‍റെ കീഴടങ്ങലിനായി തന്നെ സമീപിച്ച ചിലർ ഒരു മാഡത്തെക്കുറിച്ച് പറഞ്ഞെന്നാണ് ഫെനിയുടെ വെളിപ്പെടുത്തൽ . ഈ പശ്ചാത്തലത്തിലാണ് ആലുവ പൊലീസ് ക്ലബിൽ നാളെ മൊഴിയെടുക്കുന്നത്.