കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി സുനില്‍കുമാര്‍. തുടര്‍ച്ചയായി രണ്ടു ദിവസം ചോദ്യം ചെയ്തിട്ടും നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സുനില്‍കുമാര്‍ ഒന്നും പറഞ്ഞില്ല. അതേസമയം, ജയിലില്‍ നിന്നെഴുതിയ കത്തിലുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യലില്‍ സുനില്‍കുമാര്‍ ആവര്‍ത്തിക്കുകയും ചെയ്തു.

ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് സുനിലിനെ അന്വേഷണസംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തത്. എന്നാല്‍ ഗൂഢാലോചനയെക്കുറിച്ച് ഒന്നും മിണ്ടാന്‍ സുനില്‍ തയാറായില്ല.അതിനിടെ സുനിലിനെയും സഹതടവുകാരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. സുനിലിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. പോലീസ് കസ്റ്റഡി ഒഴിവാക്കാനുള്ള ശ്രമമാണ് സുനില്‍ ഇപ്പോള്‍ നടത്തുന്നതെന്നാണ് നിഗമനം. ഇക്കാര്യം പോലീസ് ഇന്ന് കോടതിയെ അറിയിക്കും.

ജയിലിലേക്കു മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു കടത്തിയ കേസിലാണു സുനിലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. അഞ്ചു ദിവസത്തേക്കു ലഭിച്ച കസ്റ്റഡിയുടെ ആദ്യ ദിവസം ചോദ്യം ചെയ്യലില്‍ പരസ്‌പര വിരുദ്ധമായ മൊഴികളാണു സുനില്‍ നല്‍കിയത്. അതിനിടെ, സുനിലിന്റെ കസ്റ്റഡി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു പ്രതിഭാഗം കോടതിയില്‍ അപേക്ഷ നല്‍കി. ഇതുവരെ പൊലീസ് മര്‍ദനത്തെക്കുറിച്ചു ആരോപണം ഉന്നയിക്കാതിരുന്ന സുനില്‍ കഴി‍ഞ്ഞ ദിവസം ആദ്യമായി പൊലീസ് മര്‍ദിച്ചതായി കോടതിയില്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് എത്രയും വേഗം കസ്റ്റഡി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു പ്രതിഭാഗം അപേക്ഷ നല്‍കിയത്.

നടിയെ ഉപദ്രവിച്ചതിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച ശക്തമായ തെളിവുകളുടെ അഭാവത്തിലാണു പൊലീസിന്റെ അവസാനവട്ട ശ്രമം നടക്കുന്നത്. സുനില്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കാതെ ഗൂഢാലോചനയ്‌ക്കു തെളിവു കണ്ടെത്താന്‍ പൊലീസിനു കഴിയില്ല.