കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സുനില്‍കുമാര്‍. നാദിര്‍ഷ പണം തന്നെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കി. മുപ്പതിനായിരം രൂപ നാദിര്‍ഷ കൊടുത്തെന്നാണ് സുനില്‍കുമാറിന്‍റെ മൊഴിയിലുളളത്. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തിയാണ് പണം വാങ്ങിയത്. ദിലീപ് പറഞ്ഞിട്ടാണ് നാദിര്‍ഷ പണം തന്നതെന്നും സുനില്‍കുമാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. 

നടിയെ ആക്രമിക്കുന്നതിന് മുമ്പാണ് പണം നല്‍കിയതെന്നാണ് സുനില്‍ കുമാറിന്‍റെ മൊഴിയിലുളളത്. ദിലീപാണ് പറഞ്ഞത് നാദിര്‍ഷയോട് പോയി പണം വാങ്ങാന്‍. ആ ഘട്ടത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ല. അതിനാലാണ് താന്‍ കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന സിനിമയുടെ സെറ്റായ തൊടുപുഴയില്‍ പോയി പണം വാങ്ങിയതെന്നും സുനില്‍ അന്വേഷണസംഘത്തോട് പറഞ്ഞു.

അതേസമയം, സുനില്‍കുമാറിന് പണം നല്‍കിയെന്ന് പറ‍യാന്‍ അന്വേഷണസംഘം പ്രേരിപ്പിച്ചുവെന്ന് നാദിര്‍ഷ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാദിര്‍ഷാ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് പറഞ്ഞിട്ടാണ് പണം നല്‍കിയതെന്നും പറയാന്‍ പറഞ്ഞുവെന്നും നാദിര്‍ഷ പറഞ്ഞു. ഇക്കാര്യം നാളെ ഹൈക്കോടതിയില്‍ ഉന്നയിക്കുമെന്നും നാദിര്‍ഷയുടെ അഭിഭാഷകന്‍ അറിയിച്ചു.