കുറുപ്പുംപടി സിഐ രാജേഷ് കുമാറിന്റെ ഔദ്യോഗിക ക്വാർട്ടേഴ്‌സിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 40,000 രൂപ പിടിച്ചെടുത്തു. റെയ്ഡ് നടക്കുമ്പോൾ ഒരു കേസിലെ പ്രതിയും ക്വാർട്ടേഴ്‌സിൽ ഉണ്ടായിരുന്നത് ഉദ്യോഗസ്ഥനും പ്രതിയും തമ്മിലുള്ള വഴിവിട്ട ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നു. സംഭവത്തിൽ സിഐക്കെതിരെ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെരുമ്പാവൂർ: എറണാകുളം കുറുപ്പുംപടി സർക്കിൾ ഇൻസ്പെക്ടർ (സി ഐ) രാജേഷ് കുമാറിന്റെ ഔദ്യോഗിക ക്വാർട്ടേഴ്‌സിൽ വിജിലൻസ് വിഭാഗത്തിന്റെ മിന്നൽ പരിശോധന. റെയ്ഡ് നടക്കുന്ന സമയത്ത് ഒരു കേസിലെ പ്രതി സിഐയുടെ ക്വാർട്ടേഴ്‌സിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇയാൾ എന്തിനിവിടെ എത്തി എന്നതിൽ വ്യക്തതയില്ല. ക്വാർട്ടേർസിൽ നടന്ന പരിശോധനയിൽ കണക്കിൽപ്പെടാത്ത 40,000 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിഐ രാജേഷ് കുമാറിനെതിരെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ അപ്രതീക്ഷിത നീക്കം. ക്വാർട്ടേഴ്‌സിൽ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ സിഐക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഈ തുക കൈക്കൂലി വാങ്ങിയതാണോ എന്ന കാര്യവും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. പരിശോധന വേളയിൽ ഒരു കേസിലെ പ്രതിയെ സിഐയുടെ താമസസ്ഥലത്ത് കണ്ടെത്തിയത് ഉദ്യോഗസ്ഥരും പ്രതിയും തമ്മിലുള്ള വഴിവിട്ട ബന്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിഐ രാജേഷ് കുമാറിനെതിരെ വിശദമായ അന്വേഷണം നടത്തുമെന്നും, വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.