കാക്കനാട്: പൊലീസും സുനില്‍ കുമാറും ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ജയിലില്‍ നിന്നും കത്തെഴുതിയതെന്ന് സുനില്‍കുമാറിന്‍റെ സഹ തടവുകാരന്‍ വിപിന്‍ ലാല്‍ പറഞ്ഞു. ചോദ്യം ചെയ്യലിനോട് സുനില്‍സകുമാര്‍ പൂര്‍ണമായും സഹകരിക്കുന്നില്ലെന്ന് പൊലീസ്. സഹതടവുകാരായ വിഷ്ണുവിനെയും വിപിന്‍ ലാലിനെയും സുനില്‍ കുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങി. ജയിലിലേക്ക് ഫോണ്‍ എത്തിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശി ഇമ്രാന്‍ പിടിയിലായി.
ജയിലിലെ ഫോണ്‍വിളിക്കേസില്‍ കാക്കനാട് മജിസ്ട്രേറ്റ് കോടതി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതിനെത്തുടര്‍ന്നാണ് സുനില്‍കുമാറിന്‍റെ സഹ തടവുകാരന്‍ വിപിന്‍ ലാലിന്‍റെ ഈ പ്രതികരണം. കത്തെഴുതിയത് സുനിലിന്‍റെയും ജയില്‍ അധികൃതരുടെയും ഭീഷണിയെത്തുടര്‍ന്നാണെന്നും ദിലീപിന് ഗൂഢാലോചനയില്‍ പങ്കില്ലെന്നും വിപിന്‍ ലാല്‍ പറഞ്ഞു.
എന്നാല്‍ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടോ എന്ന ചോദ്യത്തിന് വിഷ്ണുവിന്‍റെ പ്രതികരണം ഗൂഢാലോചന ദിലീപിന്റേത് ആയിരിക്കും. താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു. സുനില്‍ കുമാറിന് മര്‍ദ്ദനമേറ്റെന്നും കസ്റ്റഡി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. പൊലീസ് ഹാജരാക്കിയ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി നടപടി.
ഗൂഢാലോചന സംബന്ധിച്ച ചോദ്യം ചെയ്യലിനോട് സുനില്‍കുമാര്‍ പൂര്‍ണമായും സഹകരിക്കുന്നില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജയിലി ല്‍ നിന്നും പുറത്തെത്തിച്ച കത്തിലുള്ളതിനെക്കാള്‍ കൂടുതലൊന്നും സുനില്‍ കുമാര്‍ പറയുന്നില്ല. സുനില്‍കുമാറിനെയും വിഷ്ണുവിനെയും വിപിന്‍ ലാലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
ഫോണ്‍ വിളിക്കേസില്‍ പ്രതിചേര്‍ത്ത സനല്‍ മാത്യുവിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. ഫോണ്‍ വിളി നടക്കുമ്പോള്‍ സനല്‍ ജയിലില്‍ ഇല്ലെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണിത്. അരവിന്ദന്‍ എന്ന തടവുകാരനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. അതിനിടെ വിഷ്ണുവിന് ഫോണ്‍ കൈമാറിയ മലപ്പുറം സ്വദേശി ഇമ്രാനെ പൊലീസ് അറസ്റ്റ് ചെയ്തു
