തിരുവനന്തപുരം: കഴിഞ്ഞ ദിവസം ട്രെയിനില്‍ അപമര്യാദയായി പെരുമാറിയ ആള്‍ക്കെതിരെ പ്രതികരിക്കാനും പ്രതിയെ പിടികൂടി പൊലീസിലേല്‍പിക്കാനും ധൈര്യം കാണിച്ച നടി സനുഷയ്ക്ക് കേരള പൊലീസിന്‍റെ ആദരം. പൊലീസ് ഹെഡ്ക്വര്‍ട്ടേഴ്സില്‍ നടന്ന ചടങ്ങില്‍ ഡിജിപി ലോക്നാഥ് ബെഹ്റ സനുഷയെ അനുമോദിച്ചു. സമപ്രായക്കാരായ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ഇത്തരം അവസരങ്ങളില്‍ ധൈര്യം നല്‍കാന്‍ പോന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൂട്ടായി ശ്രമിക്കണമെന്ന് ഡിജിപി സനുഷയോട് ആവശ്യപ്പെട്ടു.
സനുഷ കാണിച്ച ധൈര്യം മാതൃകാപരമാണെന്നും ഡിജിപി പറഞ്ഞു. കേരളാ പൊലീസ് നല്‍കിയ പിന്തുണയ്ക്ക സനുഷ നന്ദി പറഞ്ഞു.കഴിഞ്ഞ ദിവസമാണ് മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസില്‍ എസി കമ്പാര്‍ട്ടമെന്‍റില്‍ സനുഷയെ അപമാനിക്കാന്‍ ശ്രമം നടന്നത്. ഇതിനെതിരെ പ്രതികരിച്ച സനുഷ പ്രതിയെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
