കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിന്‍റെ ഭാഗമായി ലോകബാങ്ക് എഡിബി സംഘം ഇന്ന് തലസ്ഥാനത്തെത്തും. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായും സംഘം ചർച്ച നടത്തും. 

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിന്‍റെ ഭാഗമായി ലോകബാങ്ക് എഡിബി സംഘം ഇന്ന് തലസ്ഥാനത്തെത്തും. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായും സംഘം ചർച്ച നടത്തും. നേരത്തെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച സംഘം പ്രളയത്തിൽ സംസ്ഥാനത്ത് 25000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു കണ്ടെത്തിയത്. അതേസമയം, കേരളത്തിന്‍റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ ഉയർത്താത്തതിനാൽ തന്നെ ലോക ബാങ്ക്, എഡിബി വായ്പയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

അതിനിടെ, പ്രളയം തകർത്ത കേരളത്തിന്‍റെ പുനർ നിർമ്മാണത്തിനായി സർക്കാർ ആവിഷ്ക്കരിച്ച ക്രൗഡ് ഫണ്ടിംഗിന് ഇന്ന് തുടക്കമാകും. പുനർനിർമ്മാണത്തിനും , പുനരധിവാസത്തിനുമായി സംഭാവന നൽകാനുള്ള, സംസ്ഥാന സർക്കാരിന്‍റെ ക്രൗഡ് ഫണ്ടിംഗ് വെബ് സൈറ്റ് ഉദ്ഘാടനം ചെയ്യും. വിവിധ സർക്കാർ വകുപ്പുകളും, ഏജൻസികളും നടപ്പാക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ സൈറ്റിലുണ്ടാകും. ഇവയിൽ താൽപര്യമുള്ള പദ്ധതികളുടെ നിർമ്മാണത്തിനായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഭാവന നൽകാൻ കഴിയും.