ദില്ലി: ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ നവംബര്‍ അവസാനം അഞ്ചംഗ ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെയുള്ള ഹര്‍ജിയില്‍ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു.

സ്വകാര്യത മൗലിക അവകാശമാണോ എന്ന കാര്യത്തില്‍ ഒമ്പതംഗ ബഞ്ചിന്റെ തീര്‍പ്പു വന്ന സാഹചര്യത്തില്‍ നവംബറില്‍ വാദം കേള്‍ക്കല്‍ തുടങ്ങാം എന്നാണ് കോടതി ഇന്നറിയിച്ചത്. വാദം കേള്‍ക്കല്‍ മാര്‍ച്ചില്‍ മതിയെന്ന് അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ നിലപാടെടുത്തു. അങ്ങനെയെങ്കില്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്‍പ്പടെ സമയപരിധി മാര്‍ച്ച് വരെ നീട്ടണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പട്ടു. 

സര്‍ക്കാര്‍ ഇത് അംഗീകരിക്കാത്ത സാഹചര്യത്തില്‍ വാദം കേള്‍ക്കല്‍ നവംബര്‍ അവസാനം തുടങ്ങാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കുകയായിരുന്നു. ആധാറിനെതിരെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നല്കിയ ഹര്‍ജി ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബഞ്ചും ഇന്ന് പരിഗണിച്ചു. 

പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തെ ചോദ്യം ചെയ്ത് എങ്ങനെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വരുമെന്ന് പശ്ചിമബംഗാള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ കപില്‍ സിബലിനോട് സുപ്രീം കോടതി ചോദിച്ചു. മമതാ ബാനര്‍ജി വ്യക്തിപരമായി ഹര്‍ജിയില്‍ നല്കിയാല്‍ അംഗീകരിക്കാമെന്നും കോടതി പറഞ്ഞു. അതേസമയം മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ അഭിഭാഷകന്‍ രാഘവ് തന്‍ഘ നല്കിയ ഹര്‍ജിയില്‍ രണ്ടംഗ ബഞ്ച് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.