ഇന്നലെ വൈകുന്നേരം 5.15ഓടെയാണ് ഇ അഹമ്മദിന്റെ ഭൗതിക ദേഹം ദില്ലിയില്‍ നിന്ന് കരിപ്പൂരിലെത്തിച്ചത്. ഹജ്ജ് ഹൗസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുസ്ലീംലീഗ് നേതാക്കളും പ്രവര്‍ത്തകരുമടക്കം വന്‍ജനാവലി അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ഏഴരയോടെ മൃതദേഹം കോഴിക്കോടേക്ക് കൊണ്ടുപോയി. അവിടെ മുസ്ലീംലീഗ് ആസ്ഥാനമായ ലീഗ് ഹൗസില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവരടക്കം നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ജനാസ നമസ്‌കാരത്തിന് ശേഷമാണ് മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയത്. കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് നടന്ന നമസ്കാരത്തില്‍ വന്‍ജനാവലിയാണ് പങ്കെടുത്തത്.

ഇന്ന് കണ്ണൂരിലും ആയിരക്കണക്കിന് പേര്‍ അഹമ്മദിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി. ജന്മനാട്ടില്‍ പക്ഷേ കുറച്ച് സമയം മാത്രമേ പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഔദ്ദ്യോഗിക ബഹുമതികളോടെ ഖബറടക്കുകയായിരുന്നു. മുസ്ലിം ലീഗ് നേതാക്കളടക്കം നിരവധി പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.