അടിമാലി: അടിമാലി രാജധാനി ടൂറിസ്റ്റ് ഹോം കൂട്ടക്കൊല കേസിലെ മൂന്ന് പ്രതികളേയും ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കര്‍ണാടക തുമ്പൂര്‍ സ്വദേശികളായ രാഘവേന്ദ്ര, മധു എന്ന രാജേഷ് ഗൗഡ, മഞ്ചുനാഥ് എന്നിവരെയാണ് ശിക്ഷിച്ചത്. തൊടുപുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി .

2015 ഫെബ്രുവരി 12 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിമാലി ടൗണ്‍ മധ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനായ മന്നാംകാല പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ആയിഷ (63), ഐഷയുടെ മാതാവ് അടിമാലി മണലിക്കുടി നാച്ചി (81) എന്നിവരെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ലോഡ്ജിന്റെ മൂന്നാം നിലയിലുള്ള 302 ാം നമ്പര്‍ മുറിയില്‍ വായ് മൂടി, കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം. ഐഷയുടെയും നാച്ചിയുടെയും മൃതദേഹം ലോഡ്ജിന്റെ ഒന്നാം നിലയില്‍ കിടപ്പുമുറിയായി ഉപയോഗിക്കുന്ന ഹാളില്‍ രണ്ടിടത്തായാണ് കിടന്നത്.

ഐഷയുടെയും നാച്ചിയുടെയും മൃതദേഹങ്ങള്‍ ലോഡ്ജിലെ ഒന്നാം നിലിയലുള്ള കിടപ്പുമുറിയായി ഉപയോഗിക്കുന്ന ഹാളിലെ രണ്ടിടങ്ങളിലായാണ് കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം 19.5 പവന്‍ സ്വര്‍ണം 50,000 രൂപയും റാഡോവാച്ചും കവര്‍ന്നിരുന്നു. ലോഡ്ജിലെ താമസക്കാരുടെ രജിസ്റ്ററുകള്‍ വരെ കീറിയാണ് പ്രതികള്‍ കടന്നുകളഞ്ഞത്. ലോഡ്ജിന് സമീപത്തെ പലചരക്ക് വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയില്‍ നിന്നും അന്യ സംസ്ഥാന തൊഴിലാളികളുടേതെന്ന് തോന്നിക്കുന്ന വ്യക്തതയില്ലാത്ത ചിത്രങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിച്ചത്. പൊലീസിന്റെ അന്വേഷണ മികവുകൊണ്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന പൊലീസ് കണ്ടെത്തി. 56 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 77 രേഖകള്‍ പരിശോധിച്ചു.