Asianet News MalayalamAsianet News Malayalam

മണ്ണും കിടപ്പാടവും പ്രളയമെടുത്തു, ചുവപ്പുനാടകളിൽ കുടുങ്ങി ഇടുക്കിയിലെ ആദിവാസി ജീവിതങ്ങൾ

പേമാരിയിലും ഉരുൾപൊട്ടലിലും കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ട ഇടുക്കിയിലെ ആദിവാസികളുടെ ദുരിതം തീരുന്നില്ല. ‍ഡിസംബറിന്റെ  കൊടുംതണുപ്പിൽ കുട്ടികളുമായി താൽക്കാലിക  ഷെഡുകളിലാണ് ഇവരുടെ അന്തിയുറക്കം. സർക്കാർ നടപടികളിലെ ചുവപ്പുനാടകൾക്കുമുന്നിൽ പകച്ചു നിൽക്കുകയാണ് മണിയാറൻകുടിയിലെ ആദിവാസികൾ.

adivasis in idukki struggle for a living after the floods
Author
Idukki, First Published Dec 16, 2018, 12:59 PM IST

ഇടുക്കി: കൂട്ടിവച്ചതെല്ലാം പ്രളയം കൊണ്ടുപോയില്ലായിരുന്നെങ്കിൽ മണിയാറൻകുടിയിലെ  മന്നാൻ  വിഭാഗക്കാർക്ക് ഇത് വിളവെടുപ്പ്  കാലമായിരുന്നു. ആദിവാസി ഊരുകൾ കാലാഊട്ടുപാട്ടിൽ പൊലിക്കേണ്ട കാലം.  പക്ഷേ ഇത്തവണ വിളവെടുക്കാൻ ഭൂമിയില്ല. അധ്വാനിച്ച് വിയർപ്പിറ്റിച്ച് വിളവുണ്ടാക്കിയിരുന്നു മണ്ണ് മഴയെടുത്തു. ഭൂമിയും കുടിയും നീക്കുവയ്പ്പുപകളും പ്രളയം കവർന്നു. താൽക്കാലിക ഷെഡിലാണിപ്പോൾ ജീവിതം. വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമില്ല. സർക്കാർ ഫയലുകളുടെ ചുവപ്പുനാടയിൽ കുടുങ്ങി വീർപ്പുമുട്ടുകയാണ് ഈ ജീവിതങ്ങൾ.

മണിയാറൻകുടിയിലെ ബന്ധുവീട്ടിലാണ് രാജൻ സൂര്യന്‍റേയും കുടുംബത്തിന്‍റേയും താമസം. മുറ്റത്ത് കെട്ടിയ രണ്ട് ഷെഡ്ഡുകളിലാണ് കുട്ടികളടക്കം 13 ജീവനുകൾ മാസങ്ങളായി. കിടപ്പാടവും ഒരേക്കർ ഭൂമിയും  അതിനുളളിലെ മൂന്നു വീടുകളുമാണ്  ഉരുൾ പൊട്ടലിൽ ഒലിച്ചുപോയത്. പുതിയ വീടിനും സ്ഥലത്തിനുമായി ആഴ്ചകളായി രാജൻ ഓഫീസുകൾ കയറിയിറങ്ങുന്നു. ഓരോ ദിവസവും സർ‍ക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ സെക്ഷനിൽ ആളില്ല, പേപ്പറുകളില്ല എന്നെല്ലാം പറഞ്ഞ് ഇവരെ മടക്കി അയക്കും. വില്ലേജ് ഓഫീസിൽ ചെല്ലുമ്പോൾ പഞ്ചായത്ത് ഓഫീസിൽ ചെല്ലാൻ പറയും. ഇങ്ങനെ ഗതിയില്ലാതെ തുടർന്നാൽ ജീവിതം തുടരാനാകില്ലെന്ന് വീട്ടമ്മയായ ശകുന്തള.

പണ്ട് ജീവിച്ചിരുന്ന വീടിന്റെന നാശാവശിഷ്ടങ്ങൾ രാജൻ സൂര്യൻ ഞങ്ങളെ കാട്ടിത്തന്നു. വീടുമുഴുവൻ മണ്ണും കല്ലും നിറഞ്ഞിരിക്കുന്നു. വീട്ടുപകരണങ്ങൾ പോലും മണ്ണിനടിയിൽ നിന്ന് കുഴിച്ചാണെടുത്തത്. ഈ കാഴ്ച കാണുന്പോൾ ചങ്കുപൊട്ടുമെന്ന് രാജൻ. നിലവിലെ ഭൂമി വാസയോഗ്യമല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സർക്കാർ സഹായം കിട്ടണമെങ്കിൽ പകരം ഭൂമി വേണം. അതിനിവർ എവിടെ പോകും?

വീഡിയോ റിപ്പോര്‍ട്ട് കാണാം:

ഡിസംബറിന്‍റെ കൊടുംതണുപ്പാണ്. ഷെഡ്ഡുകളിൽ കഴിയുന്ന കുട്ടികൾക്ക് അസുഖമൊഴിഞ്ഞിട്ട് നേരമില്ല. പിഞ്ചുകുഞ്ഞുങ്ങളുമായി  ഈ മരംകോച്ചുന്ന മഞ്ഞത്ത് ഈ ഷെഡ്ഡിൽ എത്രകാലം കഴിയണം? മണിയാറൻകുടി സ്വദേശി രമ്യ ചോദിക്കുന്നു. അടുത്ത വർഷമെങ്കിലും ഇവർക്ക് വിളവെടുപ്പിന് കാലാ ഊട്ട് പാട്ടുപാടണം. അതിന് ഭൂമിയും കിടപ്പാടവും വേണം. എല്ലാം നഷ്ടപ്പെട്ടവരെ സർക്കാർ അതിവേഗം പുനരധിവസിപ്പിക്കണം.  അല്ലെങ്കിൽ ഇവർക്ക്  തെരുവിലേക്കിറങ്ങുകയേ വഴിയുളളൂ.

Follow Us:
Download App:
  • android
  • ios