കൊച്ചി: സോളാര്‍ പ്രോജക്ടില്‍ സഹായം തേടി സരിത എസ്. നായര്‍ തന്നെ സമീപിച്ചിട്ടില്ലെന്നു മുന്‍ മന്ത്രി അടൂര്‍ പ്രകാശ്. മണ്ഡലത്തിലെ ചില കാര്യങ്ങള്‍ സംസാരിക്കാനല്ലാതെ സരിതയെ താന്‍ ഫോണില്‍ വിളിച്ചിട്ടില്ലെന്നും അടൂര്‍ പ്രകാശ് സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി.

കോന്നി മണ്ഡലത്തിലെ ഒരു വിരമിച്ച അധ്യാപികയാണു തനിക്ക് സരിതയുടെ മൊബൈല്‍ നമ്പര്‍ നല്‍കുന്നത്. ഇവരുടെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനായി സരിത പണം വാങ്ങിയിരുന്നു. പക്ഷേ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പാനല്‍ വച്ചില്ല. ഇക്കാര്യത്തില്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് അധ്യാപിക തന്നെ സമീപിച്ചു. ഇവര്‍ തന്ന നമ്പറില്‍ താന്‍ സരിതയെ വിളിച്ചു. താന്‍ വിളിച്ചതോടെ ഒരു ചെക്ക് സരിത അധ്യാപികയ്ക്കു നല്‍കി. പക്ഷേ ഇതും ബൗണ്‍സായതോടെ വീണ്ടു വിളിച്ച് സംസാരിച്ചു. ഇക്കാര്യത്തിനല്ലാതെ സരിതയുമായി താന്‍ സംസാരിച്ചിട്ടില്ല - അടൂര്‍ പ്രകാശ് മൊഴി നല്‍കി.

26 തവണ അടൂര്‍ പ്രകാശും,സരിതയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയതെന്ന് കമ്മിഷന്‍ കോള്‍ലിസ്റ്റ് കാണിച്ച് ബോധിപ്പിച്ചു. അടൂര്‍ പ്രകാശിന്റേതെന്ന് പറയപ്പെടുന്ന മറ്റൊരു നമ്പരില്‍ നിന്നും 70 വിളികള്‍ പോയിട്ടുള്ളതായ രേഖകള്‍ കാണിച്ചപ്പോള്‍, തനിക്കങ്ങനെ ഒരു നമ്പരില്ലെന്നായിരുന്നു മറുപടി. പത്തനംതിട്ട പ്രമാടത്തെ സ്റ്റേഡിയത്തില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള പ്രോജക്ട് സംസാരിക്കാനായി സരിത വന്നിരുന്നു. ആ ഒരു തവണ മാത്രമാണ് ഇവരെ കണ്ടിട്ടുള്ളത്. സോളാര്‍ പദ്ധതിക്ക് സഹായം ആവശ്യപ്പെട്ട് സരിതയോ, ബിജുവോ സമീപിച്ചിട്ടില്ല.

സരിത വിവാദ നായികയാണെന്നു മനസിലായത് മാധ്യമ വാര്‍ത്തകള്‍ വന്ന ശേഷമാണ്. സരിതയുമായി ബന്ധപ്പെട്ടു തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ലോയേഴ്‌സ് യൂണിയന്‍ അഭിഭാഷകന്റെ ചോദ്യത്തിന് അടൂര്‍പ്രകാശ് മറുപടി നല്‍കി.