ഓണക്കാലത്തും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ന്ന പാല്‍ എത്തി. ഇത് തടയാന്‍ കൂടുതല്‍ ചെക്ക്പോസ്റ്റുകളില്‍ സ്ഥിരം പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. കോഴിയിറച്ചി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയിലെത്താന്‍ 61 കോടി രൂപയുടെ പദ്ധതി ഉടന്‍ ആരംഭിക്കും. മൂവാറ്റുപുഴയില്‍ ഗോവര്‍ധിനി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ദിവസേന ലക്ഷക്കണക്കിന് ലിറ്റര്‍ പാലാണ് അതിര്‍ത്തി കടന്നെത്തുന്നത്. ഈ പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ഓണക്കാലം മുതല്‍ മീനാക്ഷിപുരം ചെക്കു പോസ്റ്റില്‍ സ്ഥിരം ലാബ് പ്രവര്‍ത്തനം തുടങ്ങി. ഇവിടുത്തെ പരിശോധനയിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ആറ് ടാങ്കറുകളില്‍ സംസ്ഥാനത്തെത്തിയ പാല്‍ മനുഷ്യ ഉപയോഗത്തിന് ഒരിക്കലും അനുയോജ്യമല്ലാത്ത രാസ വസ്തുക്കള്‍ കലര്‍ത്തിയതായിരുന്നെന്ന് കൃഷിമന്ത്രി കെ രാജു വെളിപ്പെടുത്തി. ഇക്കാര്യം വ്യക്തമായതോടെയാണ് അഞ്ചു ചെക്ക്പോസ്റ്റുകളില്‍ കൂടി അടിയന്തിരമായി പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താന്‍ കാരണമായത്. ഇവയില്‍ രണ്ടെണ്ണം ഉടന്‍ ആരംഭിക്കും. ഓരോ പഞ്ചായത്തിലും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റിന്റെ സഹായത്തോടെയാണ് കോഴിയിറച്ചി ഉല്‍പ്പാദിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓരോ യൂണിറ്റിനും ആയിരം കോഴിക്കുഞ്ഞുങ്ങളെ വീതം നല്‍കും. ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ ഇതാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
