കൊച്ചി: രാഷ്ട്രീയ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ നിയമോപദേശകൻ അഡ്വ. എം കെ ദാമോദരൻ ഇന്ന് വീണ്ടും ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരാവും. സ്വത്ത് കണ്ടു കെട്ടാനുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നടപടി ചോദ്യം ചെയ്താണ് മാർട്ടിൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സ്വത്ത് കണ്ടുകെട്ടുന്ന നടപടികൾ പൂർത്തിയായെന്നും മാർട്ടിന് പങ്കാളിത്തമുള്ള കമ്പനികൾക്കെതിരെയുള്ള കേസിൽ, വ്യക്തിപരമായ ഹർജി നിലനിൽക്കില്ലെന്നും എൻഫോഴ്സ്മെന്‍റ് വാദിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹർജിക്കാരൻ അപലേറ്റ് അതോറിറ്റിയെ ആണ് സമീപിക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ കോടതിയ്ക്ക് ഇതിൽ ഇടപെടാൻ അധികാരമുണ്ടെന്നും വിശദമായ വാദം കേൾക്കണമെന്നുമായിരുന്നു എം കെ ദാമോദരന്‍റ വാദം.
