ബിജെപിയുടെ ജനപിന്തുണ ഇടിയുന്നുവെന്ന് സര്‍വേ 47 ശതമാനം പേരും സര്‍ക്കാരിന് രണ്ടാമൂഴം നല്‍കുന്നില്ല വോട്ട് ശതമാനം കുറയുമെങ്കിലും 274 സീറ്റുമായി അധികാരത്തിലെത്തും

ദില്ലി: നരന്ദ്ര മോദി സര്‍ക്കാര്‍ നാളെ നാലാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ ബിജെപിയുടെ ജനപിന്തുണ 2014 നേക്കാള്‍ ഇടിഞ്ഞു എന്ന് എബിപി-സിഎസ്ഡിഎസ് സര്‍വെ. എന്നാല്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുന്നേറ്റം ബിജെപിയെ അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിച്ചേക്കുമെന്നും സര്‍വെ പറയുന്നു. കര്‍ണാകട നിയസമഭാ തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെയാണ് രാജ്യത്തെ പൊതുസ്ഥിതി അറിയാനുള്ള സര്‍വ്വെ എബിപി-സിഎസ്ഡിഎസ് നടത്തിയത്.

രാജ്യവ്യാപകമായി നടത്തിയ സര്‍വേയില്‍ 15,859 പേര്‍ പങ്കെടുത്തു‍. ഇതില്‍ 47 ശതമാനം പേരും നരേന്ദ്ര മോദി സര്‍ക്കാര്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് പ്രതികരിച്ചത്. 39 ശതമാനം എന്‍ഡിഎ സര്‍ക്കാരിന്റെ തുടര്‍ച്ച ആഗ്രഹിച്ചപ്പോള്‍ 14 ശതമാനം പേര്‍ അഭിപ്രായം പറഞ്ഞില്ല. ദളിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ സര്‍ക്കാരിനെതരായ നിലപാടിലാണെന്ന് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലും വടക്കു കിഴക്കന്‍ മേഖലയിലും ബിജെപിയുടെ ശക്തി കൂടി. 47 ശതമാനം പേര്‍ എതിരാണെങ്കിലും പൊതു തെര‌‌ഞ്ഞെടുപ്പില്‍ 274 സീറ്റ് നേടി എന്‍ഡിഎ അധികാരത്തിലെത്തുമെന്നും സര്‍വെ പറയുന്നു.

2014ല്‍ 336 സീറ്റാണ് എന്‍ഡിഎക്ക് ലഭിച്ചിരുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍, യുപിഎയ്‌ക്ക് 164 സീറ്റും മറ്റുള്ളവര്‍ക്ക് 105 സീറ്റുമാണ് സര്‍വ്വെ പ്രവചിക്കുന്നത്. ഉത്തരേന്ത്യയില്‍ നഷ്‌ടമാകുന്ന സീറ്റ് മറ്റിടങ്ങളില്‍ നിന്ന് നേടാനുള്ള ബിജെപി ശ്രമം വിജയിക്കുന്നു എന്ന സൂചനയും ഇതു നല്‍കുന്നു. ഇതു ലക്ഷ്യം വച്ച് ബിജെപി നാലാം വാര്‍ഷികം നാളെ ഒഡീഷയിലെ കട്ടക്കിലാണ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രി കട്ടക്കിലെ റാലിയില്‍ സംസാരിക്കും. ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ ദില്ലിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.