ചെന്നൈ: തമിഴ്നാട്ടിൽ സ്പീക്കർ പി. ധനപാലൻ 18 എംഎൽഎമാരെ അയോഗ്യരാക്കി. ടി.ടി.വി. ദിനകരനു പിന്തുണ പ്രഖ്യാപിച്ച 19 എംഎൽഎമാരിൽ 18 പേരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. വീപ്പ് ലംഘിച്ചെന്ന് പരാതിയിൽ വിശദീകരണം നൽകാത്തതിനെ തുടർന്നാണ് സ്പീക്കറുടെ നടപടി.
ഇതോടെ വലിയ പ്രതിസന്ധി നേരിട്ട പളനിസ്വാമി സർക്കാർ സഭയിൽ ഭൂരിപക്ഷമായി. 234 അംഗ നിയമസഭയിൽ 19 എംഎൽഎമാർ പിന്തുണ പിൻവലിച്ചതിനെ തുടർന്നു സർക്കാർ വലിയ പ്രതിസന്ധികൾ നേരിട്ടിരുന്നു. സഭയിൽ ന്യൂനപക്ഷമായ സർക്കാരിനെതിരെ വിശ്വാസവോട്ടെടുപ്പ് കൊണ്ടുവരുന്നതിനായി പ്രതിപക്ഷമായ ഡിഎംകെ ഗവർണറെ കണ്ടിരുന്നു. ഇതേ ആവശ്യം ദിനകരനും ഉന്നയിച്ചിരുന്നു. ഇതോടെ സർക്കാർ വലിയ പ്രതിസന്ധിയാണ് നേരിട്ടത്.
234 അംഗ നിയമസഭയിൽ സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ 118 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു. എന്നാൽ 18 എംഎൽഎമാരെ അയോഗ്യരാക്കിയതോടെ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 108 അംഗങ്ങളുടെ പിന്തുണമതിയാകും. 134 അംഗങ്ങളാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്ക് ഉണ്ടായിരുന്നത്. ഇതിൽ 18 എംഎൽഎമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്.
അതേസമയം എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിക്കെതിരെ ദിനകരൻ പക്ഷം കോടതിയെ സമീപിക്കുമെന്നാണ് സൂചന. കുറുമാറ്റ നിയമപ്രകാരമോ, വീപ്പ് ലംഘനമോ ഉണ്ടായിട്ടില്ലെന്നും ദിനകരൻ പക്ഷം അവകാശപ്പെടുന്നു.
