ഇന്നലെ രാത്രിയാണ് ഓഫീസിനുള്ളിൽ കള്ളപ്പണം സൂക്ഷിച്ച അഭിഭാഷകൻ രോഹിത് ടണ്ഡനെ എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 70 കോടി രൂപയുടെ അനധികൃത സന്പാദ്യം ടണ്ഡന് ഉണ്ടെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തൽ. കള്ളപ്പണക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊൽക്കത്ത വ്യവസായി പരാസ്മൽ ലോധയുമായും രോഹിത് ടണ്ഡന് ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ടണ്ഡന്‍റെ ദില്ലിയിലെ ഓഫീസിൽ നിന്ന് ഈ മാസം പത്തിന് നടത്തിയ റെയ്‍ഡിൽ 14 കോടി രൂപ പിടിച്ചെടുത്തിരുന്നു. രണ്ട് കോടി രൂപയുടെ രണ്ടായിരം രൂപ നോട്ടുകളും പിടിച്ചെടുത്തവയിലുണ്ടായിരുന്നു. മൂന്നുവലിയ കാറുകളിലായി പത്ത് പെട്ടികളിൽ പായ്ക്കുചെയ്താണ് പിടിച്ചെടുത്ത പണം മാറ്റിയത്.  തനിക്ക് 125 കോടി രൂപയുടെ സ്വത്തുണ്ടെന്നും അതിന്‍റെ ഭാഗമാണ് 14 കോടി രൂപയെന്നുമായിരുന്നു ടണ്ഡന്‍റെ വിശദീകരണം.

റെയ്ഡ് നടത്തിയപ്പോൾ ഓഫിസിൽ ഇല്ലാതിരുന്ന ഠണ്ഡൻ സിസിടിവി ക്യാമറയിലൂടെ തൽസമയം അജ്ഞാത സ്ഥലത്തിരുന്ന് കണ്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ ഗുജറാത്തിലെ അഹമ്മദാബാദിൽ കള്ളനോട്ടടിക്കുന്ന യന്ത്രം പൊലീസ് പിടിച്ചെടുത്തു. പന്ത്രണ്ട് ലക്ഷത്തി 45000 രൂപയുടെ കള്ളനോട്ടും അച്ചടിക്കാനുപയോഗിക്കുന്ന പേപ്പറും പിടിച്ചെടുത്തിട്ടുണ്ട്. ഇതിലേറെയും 2000 രൂപ നോട്ടുകളാണ്. കള്ളനോട്ട് കേസിൽ പിടിയിലായ ആളെ ചോദ്യം ചെയ്പ്പോഴാണ് നോട്ടടി കേന്ദ്രത്തെകുറിച്ചുള്ള വിവരം പൊലീസിന് കിട്ടിയത്.