ത്രിപുരയില്‍ ചെങ്കൊടി താഴുന്നു, പാര്‍ട്ടി എന്ത് പാഠം പഠിക്കും? അഡ്വ. ജയശങ്കര്‍

ത്രിപുരയില്‍ സിപിഎമ്മിന്‍റെ ചരിത്രപരമായ പരാജയത്തില്‍ സിപിഎം പാഠം പഠിക്കണമെന്ന ഓര്‍മപ്പെടുത്തലുമായി രാഷ്ട്രീയ നിരീക്ഷകന്‍ കൂടിയായ അഡ്വ. ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കോൺഗ്രസുമായി ധാരണയുണ്ടാക്കാം എന്ന ആശയം മണിക് സർക്കാരും സീതാറാം യെച്ചൂരിയും മുന്നോട്ടു വെച്ചുവെങ്കിലും ക്ലച്ചു പിടിച്ചില്ല. സിപിഎം കേന്ദ്രകമ്മറ്റി അതു തളളിക്കളഞ്ഞു. അങ്ങനെ മാർക്സിസ്റ്റ് ത്രിപുര ചരിത്രമായെന്ന് ജയശങ്കര്‍ പറയുന്നു.

കോൺഗ്രസിനെയും ബിജെപിയെയും ഒന്നിച്ചെതിർക്കും എന്ന ശാഠ്യത്തിൽ ഉറച്ചു നിൽക്കുമോ അതോ പ്രായോഗിക സമീപനം സ്വീകരിക്കുമോ? ഏപ്രിൽ 18മുതൽ 22വരെ ഹൈദരാബാദിൽ നടക്കുന്ന ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊളളും അതുവരെ കാത്തിരിക്കാം എന്നാണ് പോസ്റ്റില്‍ പറയുന്നത്. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഹകരണം അനിവാര്യമാണെന്ന യെച്ചൂരിയുടെ നിലപാടിനെ കേരള ഘടകങ്ങള്‍ എതിര്‍ത്തിരുന്നു. ഇത് പ്രായോഗികതയല്ലെന്നാണ് ജയശങ്കര്‍ വ്യക്തമാക്കുന്നത്.

ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ത്രിപുരയിൽ ചെങ്കൊടി താഴുന്നു. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ബിജെപി മുന്നണി അധികാരത്തിലേറുകയാണ്.

25 കൊല്ലം തുടർച്ചയായി ഭരിച്ച പാർട്ടിയോട് ജനങ്ങൾക്കു സ്വാഭാവികമായും തോന്നുന്ന വിപരീത വികാരമാണ് ജനവിധിയുടെ ആകെത്തുക. മണിക് സർക്കാരിന്റെ പ്രതിച്ഛായക്കോ സിപിഎമ്മിൻ്റെ സംഘടനാ സംവിധാനത്തിനോ ജനവികാരത്തെ ചെറുത്തുനിൽക്കാൻ കഴിഞ്ഞില്ല.

മറുവശത്ത് ബിജെപി, വിഘടനവാദികളായ ഐപിഎഫ്ടിയുമായി സഖ്യമുണ്ടാക്കി, കോൺഗ്രസ്, തൃണമൂൽ നേതാക്കളെയും മാർക്സിസ്റ്റ് വിമതരെയും മൊത്തമായി പാർട്ടിയിൽ ചേർത്തു. വികസന മുദ്രാവാക്യം ഉയർത്തി കാടിളക്കി പ്രചരണം നടത്തി, പണം പച്ചവെള്ളം പോലെ ഒഴുക്കി. മാധ്യമങ്ങൾ മൊത്തം ബിജെപിയുടെ കുഴലൂത്തുകാരായി.

കോൺഗ്രസുമായി ധാരണയുണ്ടാക്കാം എന്ന ആശയം മണിക് സർക്കാരും സീതാറാം യെച്ചൂരിയും മുന്നോട്ടു വെച്ചുവെങ്കിലും ക്ലച്ചു പിടിച്ചില്ല. സിപിഎം കേന്ദ്രകമ്മറ്റി അതു തളളിക്കളഞ്ഞു. അങ്ങനെ മാർക്സിസ്റ്റ് ത്രിപുര ചരിത്രമായി.

ഈ പരാജയത്തിൽ നിന്ന് പാർട്ടി എന്തു പാഠം പഠിക്കും? കോൺഗ്രസിനെയും ബിജെപിയെയും ഒന്നിച്ചെതിർക്കും എന്ന ശാഠ്യത്തിൽ ഉറച്ചു നിൽക്കുമോ അതോ പ്രായോഗിക സമീപനം സ്വീകരിക്കുമോ? ഏപ്രിൽ 18മുതൽ 22വരെ ഹൈദരാബാദിൽ നടക്കുന്ന ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊളളും. അതുവരെ കാത്തിരിക്കുകയേ വഴിയുളളൂ.