മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളിലുള്ള അപ്രഖ്യാപിത വിലക്ക് മാധ്യമപ്രവര്‍ത്തകരുടെയും, അഭിഭാഷകരുടെയും മാത്രം വിഷയമല്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടുന്നു. കോടതികളില്‍ രഹസ്യമായി നടപടിക്രമങ്ങള്‍ നടക്കുന്ന രീതി അപകടകരമാണ്. വിലക്കിനെതിരെ നടപടിയെടുക്കേണ്ട സര്‍ക്കാരും, കോടതിയും അനങ്ങുന്നില്ല. പ്രസ് കൗണ്‍സിലിന് സ്വമേധയാ ഇടപെടാന്‍ അധികാരമുണ്ട്. അത് നടപ്പിലാക്കാത്തതിനെതിരെയാണ് സെബാസ്റ്റ്യന്‍ പോള്‍ പരാതി നല്‍കിയിരിക്കുന്നത്.
ഗവണ്‍മെന്റ് പ്‌ളീഡറായിരുന്ന ധനേഷ് മാത്യു മാഞ്ഞൂരാന്‍ പൊതുസ്ഥലത്ത് സ്ത്രീയെ കടന്നു പിടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളാണ് കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍കരെ വിലക്കാന്‍ കാരണമായത്. ജൂലൈ 19 മുതല്‍ മീഡിയാ റൂമുകളിലും, കോടതികളിലും റിപ്പോര്‍ട്ടര്‍മാരെ പ്രവേശിപ്പിക്കുന്നില്ല. ഈ സാഹചര്യം ഒഴിവാക്കണമെന്ന സെബാസ്റ്റ്യന്‍ പോളിനേപ്പോലെയുള്ള പ്രമുഖ അഭിഭാഷകന്റെ ആവശ്യം ഈ ഘട്ടത്തില്‍ ശ്രദ്ധേയമാണ്.
