കണ്ണൂര്‍: കണ്ണൂരിൽ അഭിഭാഷക വ്യാജരേഖ ചമച്ച് കോടികള്‍ തട്ടിയ കേസിന്റെ ചുരുളഴിയുന്നു. തളിപ്പറമ്പ് സ്വദേശിയും റിട്ടേഡ് രജിസ്ട്രാറുമായ ബാലകൃഷ്ണന്‍റെ മരണത്തിനുശേഷം വ്യാജരേഖയുണ്ടാക്കി അഭിഭാഷകയും ഭർത്താവും ചേർന്ന് തട്ടിയെടുത്തത് കോടികൾ. നാട്ടുകാർ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗന്സിലിന്റെ ഇടപെടലാണ് നാടിനെ ഞെട്ടിച്ച തട്ടിപ്പുവിവരങ്ങള്‍ പുറത്തെത്തിച്ചത്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറയുന്നു.
തളിപ്പറമ്പ് തൃച്ചംബരത്തെ പൗരപ്രമുഖനും റിട്ടേഡ് കേണലുമായിരുന്ന ഡോ കുഞ്ഞമ്പുവിന്റെ മകനായ ബാലകൃഷ്ണന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്താണ് പയ്യന്നൂര്‍ കോടതിയിലെ അഭിഭാഷക ഷൈലജയും ഭർത്താവായ കൃഷ്ണകുമാറും ചേർന്ന് തട്ടാന്‍ ശ്രമിച്ചതായി പോലീസ് കണ്ടെത്തിയിരിക്കുന്നത്.
2006 ല്‍ ഒരു കേസുമായി ബന്ധപ്പെട്ട് അവിവാഹിതനായ ബാലകൃഷ്ണനുമായി ഷൈലജ സൗഹൃദം സ്ഥാപിക്കുന്നു. പിന്നീട് തിരുവനന്തപുരത്തു രോഗം ബാധിച്ച് ചികിത്സയിലായിരിക്കെ 2011ല്‍ ബാലകൃഷ്ണനെ ആശുപത്രിയില്‍നിന്നും നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിച്ച് ഷൈലജ കണ്ണൂരിലേക്ക് കൊണ്ടുവരുന്നു. യാത്രക്കിടെ കൊടുങ്ങല്ലൂരില്‍വച്ച് ബാലകൃഷ്ണന്‍ മരണപ്പെടുന്നു.
അടുത്ത ബന്ധുക്കളെപ്പോലും അറിയിക്കാതെ ഇവർ ഷൊർണൂരില്‍ വച്ച് സംസ്കാരക്രിയകൾ നടത്തി. മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടി ബാലകൃഷ്ണന്‍റെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്ന് കാര്യമായ അന്വേഷണമൊന്നും നടന്നില്ല. ബാലകൃഷ്ണന്‍റെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കൈക്കാലാക്കാന്‍ മരണത്തിനുമുന്‍പേ ഇയാളുടെ സ്വത്തുക്കള്‍ എഴുതിവാങ്ങാനായിരുന്നു അന്നത്തെ കണ്ണൂരിലേക്കുള്ള തിടുക്കപ്പെട്ടുള്ള യാത്രയെന്ന് പോലീസ് പറയുന്നു.
എന്നാല്‍ ഇതുനടക്കാതായതോടെ കൃഷ്ണകുമാറിന്റെ സഹോദരിയായ ജാനകിയുമായി ബാലകൃഷ്ണന്‍റെ വിവാഹം നടന്നെന്ന് വ്യാജരേഖയുണ്ടാക്കി കുടുംബപെന്‍ഷനും ഇവർ വാങ്ങിതുടങ്ങി. ഇതേരേഖകളുപയോഗിച്ച് തിരുവനന്തപുരത്തെ വീടും സ്ഥലവും കൈക്കലാക്കി മറിച്ചുവില്‍ക്കുകയും ചെയ്തു.
ബാക്കി സ്വത്തുക്കളും കൈക്കലാക്കാൻ ശ്രമം തുടങ്ങിയപ്പോള്‍ ബാലകൃഷ്ണന്‍റെ മരണശേഷമുള്ള ഇവരുടെ ഈ ഇടപെടലുകള്‍ നാട്ടുകാരിൽ ചിലരില്‍ സംശയം ഉണ്ടാക്കി. ഇവർ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് കോടതിയെ സമീപിപ്പിച്ചു. തുടർന്ന് തളിപ്പറമ്പ് ഡിവൈഎസ്‍പി വേണുഗോപാലിന്‍റെ നേതൃത്വത്തിൽ പയ്യന്നൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്,
ബാലകൃഷ്ണന്‍റെ പിതാവ് ഡോ കുഞ്ഞമ്പുനായർ തളിപ്പറമ്പിലെ ജനകീയ ഡോക്ടറായിരുന്നു. ദേശീയപാതയോരത്തെ 4 ഏക്കറോളം വരുന്ന സ്ഥലവും ഇന്ന് അനാഥാവസ്ഥയിലാണ്. പ്രതിയായ അഭിഭാഷകയും ഭർത്താവും ഉടൻ പോലീസിന്‍റെ പിടിയിലാകുമെന്നാണ് വിവരം. കൂടാതെ ഇത്രയും വ്യാജരേകകള്‍ തയ്യാറാക്കാന്‍ പ്രതികളെ സഹായിച്ച ഉന്നത സർക്കാറുദ്യോഗസ്ഥരുള്‍പ്പടെ നിരവധി പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും പോലീസ് ഒരുങ്ങുന്നുണ്ട്.
