ബംഗലൂരു: ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളുടെ ഭാവി പഠനവും തൊഴിൽ സാധ്യതകളും തുലാസിലാക്കി കർണാടകത്തിലെ മുഴുവൻ നഴ്സിങ് കോളേജുകളുടെയും അംഗീകാരം ഇന്ത്യൻ നഴ്സിങ് കൗൺസിൽ എടുത്തുകളഞ്ഞു. സംസ്ഥാനത്തെ നഴ്സിങ് കോളേജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലിന്‍റെ അംഗീകാരം മാത്രം മതിയെന്ന സർക്കാർ ഉത്തരവിനെത്തുടർന്നാണ് നടപടി.
ഇന്ത്യൻ നഴ്സിങ് കൗൺസിലിന്‍റെ വെബ്സൈറ്റിൽ അംഗീകാരമുളള നഴ്സിങ് സ്ഥാപനങ്ങളുടെ പട്ടികയുണ്ട്. 2017-18 വർഷത്തെ നഴ്സിങ് കോഴ്സുകളിലേക്കുളള പ്രവേശനം നടത്താനാവുന്ന സ്ഥാപനങ്ങളുടെ പട്ടിക.ഇതിലാണ് കർണാടകത്തിലെ ഒരൊറ്റ സ്ഥാപനം പോലും ഇല്ലാത്തത്.കഴിഞ്ഞ തവണ 257 കോളേജുകൾ ഉണ്ടായിരുന്നിടത്താണ് ഇത്.കാരണം തേടിയപ്പോൾ ഇന്ത്യൻ നഴ്സിങ് കൗൺസിൽ നൽകിയ മറുപടിയിൽ കാര്യം വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ നഴ്സിങ് കോളേജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലിന്‍റെയും രാജീവ് ഗാന്ധി മെഡിക്കൽ സർവകലാശാലയുടെയും അംഗീകാരം മാത്രം മതിയെന്ന് കഴിഞ്ഞ മെയ് മാസത്തിൽ കർണാടക സർക്കാർ ഉത്തരവിറക്കിയിരുന്നു.മാനദണ്ഡങ്ങൾ മറികടന്ന് പ്രവേശനം നടത്താൻ കർണാടകത്തിലെ കോളേജുകൾക്ക് ഉത്തരവ് പിടിവളളിയായി.ഇതാണ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരം റദ്ദാക്കാൻ കാരണവുമായി.
തീരുമാനം ഏറ്റവുമധികം ബാധിക്കുക 70 ശതമാനം വരുന്ന ഇതരസംസ്ഥാന വിദ്യാർത്ഥികളെയാണ്.അതിൽ ഭൂരിഭാഗവും മലയാളികളെ.കർണാടക നഴ്സിങ് കൗൺസിലിന്‍റെ സർട്ടിഫിക്കറ്റ് മറ്റ് സംസ്ഥാനങ്ങൾ അംഗീകരിക്കില്ല.ചുരുക്കത്തിൽ ജോലി ചെയ്യാനാവുക കർണാടകയിൽ മാത്രം.വിദേശത്ത് ജോലി ലഭിക്കാനുളള സാധ്യതയും അവസാനിക്കും.
വായ്പയെടുത്ത് പഠിച്ച് അവസാനവർഷത്തിലേക്ക് എത്തിയ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലാണ്. ഇന്ത്യൻ നഴ്സിങ് കൗൺസിലുമായുളള തർക്കം തീർത്ത് മുഴുവൻ കോളേജുകൾക്കും അംഗീകാരം ലഭ്യമാക്കാൻ കർണാടക സർക്കാർ എന്തെങ്കിലും നടപടിയെടുക്കുമോ എന്നാണ് ഇനി കാണേണ്ടത്.
