Asianet News MalayalamAsianet News Malayalam

അഫ്ഗാനിസ്ഥാനിലെ 'പ്രധാന പീഡക'നെ താലിബാന്‍ കൊലപ്പെടുത്തി

നിരവധി തവണ താലിബാന്റെ ആക്രമണങ്ങളെ അതിജീവിച്ച റസീഖിനെ ഗവർണറുടെ അംഗരക്ഷകനെന്ന പേരിലെത്തി ഭീകരർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു

Afghan Cop General Abdul Raziq Killed In Taliban Attack
Author
Afghanistan, First Published Oct 19, 2018, 6:34 PM IST

കാബൂൾ: കാണ്ടഹാറിലെ പൊലീസ് തലവൻ ജനറൽ അബ്ദുൽ റസീഖ് താലിബാൻ (39) ആക്രണത്തിൽ കൊല്ലപ്പെട്ടു. നിരവധി തവണ താലിബാന്റെ ആക്രമണങ്ങളെ അതിജീവിച്ച റസീഖിനെ ഗവർണറുടെ അംഗരക്ഷകനെന്ന പേരിലെത്തി ഭീകരർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. 

നാറ്റോ കമാൻഡറും അഫ്ഗാനിസ്ഥാനിലെ യുഎസ് സേനയിലെ പ്രധാനിയുമായ സ്കോട്ട് മില്ലറുമായി കാണ്ടഹാറിൽവച്ച് നടന്ന് ചർച്ചക്കിടെയാണ് ജനറൽ റസീഖിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രാദേശിക രഹസ്യാന്വേഷണ തലവൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. പതിമൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

തീവ്രവാദത്തിനെതിരെ പോരാടുന്നതിന് ജനറൽ റസീഖുമായി യുഎസ് സഖ്യം പുലർത്തിയിരുന്നു. വർഷങ്ങളോളം തങ്ങൾ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു. അഫ്ഗാന് നഷ്ടമായത് ഒരു രാജ്യ സ്നേഹിയെയാണ്. അഫ്ഗാനിലെ ജനങ്ങളോട് എന്റെ അനുശോചനം അറിയിക്കുന്നതായും സ്കോട്ട് മില്ലർ പറഞ്ഞു. 

കാണ്ടഹാറിലെ വിദേശ സൈന്യത്തിന് സുരക്ഷ ഉറപ്പു നൽകിയിരുന്ന ഏക വ്യക്തിയാണ് ജനറൽ റസീഖ്. അദ്ദേഹത്തിന്റെ കൊലപാതകം മേഖലയിൽ താലിബാനെതിരായ പോരാട്ടങ്ങളെ സാരമായി ബാധിക്കാനിടയുണ്ട്. അഫ്ഗാനിലെ ജനങ്ങൾ എത്രമാത്രം അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നോ അതേ അളവിൽ താലിബാൻ അദ്ദേഹത്തെ വെറുത്തിരുന്നതായും കാബൂളിലെ വിദേശ നയതന്ത്രഞ്ജൻ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ ഏറ്റവും ശക്തനായ സുരക്ഷാ തലവനായ ജനറൽ റസീഖ് പടിപടിയായാണ് പൊലീസിന്‍റെ തലപ്പത്തെത്തിയത്. 'പ്രധാന പീഡകൻ' എന്നാണ് രാജ്യാന്തര സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് ജനറൽ റസീഖിനെ വിശേഷിപ്പിച്ചിരുന്നത്. 1994 ൽ പിതാവിനെയും അമ്മാവനെയും കൊലപ്പെടുത്തിയത് മുതൽ താലിബാനെതിരെ ശക്തമായ ആക്രമങ്ങൾ അഴിച്ചുവിടുകയായിരുന്നു ജനറൽ റസീഖ്. 

2001ൽ യുഎസ് സൈന്യം അഫ്ഗാനിസ്ഥാൻ കീഴടക്കിയപ്പോൾ ദക്ഷിണ മേഖലയിൽനിന്ന് താലിബാനെ തുരത്താൻ ജനറൽ റസീഖ് സഹായിച്ചു. തുടർന്ന് ജില്ലാ പൊലീസ് ഓഫീസറായി ജനറൽ റസീഖിനെ നിയമിക്കുകയായിരുന്നു. രഹസ്യ പീഡന സെല്ലുകള്‍ നടത്തുകയും ആയിരകണക്കിന് താലിബാൻ തടവുകാരെ വധിക്കുകയും ചെയ്തിരുന്നതായി റസീഖിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ അവയെല്ലാം റസീഖ് നിഷേധിക്കുകയാണ് ചെയ്തത്. താലിബാൻ നടത്തിയ ഇരുപതോളം വധശ്രമങ്ങൾ താൻ അതിജീവിച്ചിട്ടുണ്ടെന്ന് റസീഖ്  വ്യക്തമാക്കിയിരുന്നു. 

 

Follow Us:
Download App:
  • android
  • ios