അഫ്ഗാനിസ്ഥാന്‍: അഫ്ഗാൻ കർഷകർ കറുപ്പിന് പകരം കുങ്കുമം പരീക്ഷിക്കുന്നു. കാലങ്ങളായി കൃഷി ചെയ്തുവരുന്ന കറുപ്പ് ഉപേക്ഷിച്ചാണ് അഫ്ഗാന്‍ കര്‍ഷകര്‍ കുങ്കുമത്തിലേക്ക് ചുവടുമാറിയത്. കുങ്കുമകൃഷി സ്ത്രീകൾക്ക് നല്ല അവസരമാണ് നൽകുന്നത്. ഇവിടെ ജോലി ചെയ്യുന്നതുകൊണ്ട് ഞങ്ങൾക്ക് കുടുംബത്തെ സഹായിക്കാനും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും കഴിയുന്നെന്നാണ് അഫ്ഗാനിലെ കര്‍ഷക സ്ത്രീകള്‍ പറയുന്നത്. എന്നാല്‍ വിപണനത്തിനായി സർക്കാർ വേണ്ടതൊന്നും ചെയ്യുന്നില്ലെന്നും സർക്കാർ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുമെന്നുമാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്.

കറുപ്പിൽ നിന്ന് കുങ്കുമത്തിലേക്ക്, അതെ അക്ഷരാർത്ഥത്തിൽ അതിസുന്ദരമായ ഒരുമാറ്റത്തിന്റെ പാതയിലാണിപ്പോൾ അഫ്ഗാൻ ജനത. കറുപ്പ് ഉത്പാദനം നിയമവിരുദ്ധമായിരിക്കെ തന്നെ അഫ്ഗാനിലെ ഏറ്റവും വലിയ കയറ്റുമതി ഉത്പ്പന്നമാണ് കറുപ്പ്. പക്ഷേ കറുപ്പ് ഉത്പാദനം നിർത്താൻ സർക്കാർ തലത്തിൽ തന്നെ പദ്ധതികൾ ആവിഷ്ക്കരിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. താലിബാൻ തീവ്രവാദികളുടെ നിയന്ത്രണത്തുള്ള ലഹരിമാഫിയയുടെ പിടിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ് ഈ പദ്ധതികളുടെയെല്ലാം വിദൂരലക്ഷ്യം.

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ സുഗദ്ധവ്യഞ്ജനങ്ങളിലൊന്നായ കുങ്കുമം കിലോഗ്രാമിന് 1500 ഡോളർ എന്ന നിരക്കിലാണ് പാശ്ചാത്യ വിപണിയിൽ വിൽക്കുന്നത്. അതുകൊണ്ട് തന്നെ കറുപ്പിൽ നിന്ന് കുങ്കുമത്തിലേക്കുള്ള ചുവുടുമാറ്റം അഫ്ഗാനിസ്ഥാനിലെ ദരിദ്രകർഷകർക്ക് ഏറെ ആഹ്ളാദകരമാണ്. മാത്രമല്ല നൂറുകണക്കിന് സ്ത്രീകൾക്ക് തൊഴിലവസരവും കുങ്കുമ കൃഷി നല്‍കുന്നുണ്ട്.

അഫ്ഗാൻ കുങ്കുമ ഫെഡറേഷൻ തലവൻ നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ ഹേരാത്ത് പ്രവിശ്യയിൽ മാത്രം നാനൂറോളം സ്ത്രീകൾ കുങ്കുമക്കൃഷിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉത്പാദനത്തിൽ പതിനഞ്ച് ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി അഫ്ഗാൻ കുങ്കുമ ഫെഡറേഷൻ തലവൻ റഷീദി പറയുന്നു.

അഫ്ഗാനിസ്ഥാന്റെ കാലാവസ്ഥ കുങ്കുമക്കൃഷിയ്ക്ക് ഏറെ അനുയോജ്യമാണ് എന്നതാണ് കർഷകരെ സംബന്ധിച്ച് വലിയ അനുഗ്രഹമായിരിക്കുന്നത്. കുങ്കുമവിപണിയിലെ അതികായരായ അയൽക്കാർ ഇറാൻ സൃഷ്ടിക്കുന്ന കടുത്ത മത്സരവും ഒപ്പം രാജ്യത്തെ ഏറ്റവും വലിയ കയറ്റുമതി ഉത്പ്പന്നമായി ഇപ്പോഴും കറുപ്പ് തുടരുന്നതുമാണ് അഫ്ഗാന്‍ കര്‍ഷകര്‍ നേരിടുന്ന കടുത്ത വെല്ലുവിളി.