ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അമ്മയുടെ പേര് ചേര്ക്കാത്ത ഒരു സ്ഥലമുണ്ട്. ശവക്കല്ലറയില്‍ മരിച്ച സ്ത്രീയുടെ പേര് എഴുതാത്ത ഒരു സ്ഥലമുണ്ട്. കല്ല്യാണ ക്ഷണക്കത്തില്‍ വധുവിന്‍റെ പേരെഴുതാത്ത ഒരു സ്ഥലമുണ്ട്. ഈ സ്ഥലം അഫ്ഗാനിസ്ഥാനാണ്. പൊതു ജനമധ്യത്തില്‍ സ്ത്രീയുടെ പേര് പറയുന്നത് മോശമാണെന്ന് വിചാരിക്കുന്ന ഒരിടമാണ് അഫാഗാനിസ്ഥാന്‍.
ഈ ആണ്‍മേല്‍ക്കോയ്മയെ ചോദ്യം ചെയ്ത്കൊണ്ട് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒരു കൂട്ടം സ്ത്രീകള്‍ രംഗത്തു വന്നിരിക്കുകയാണ്. എന്‍റെ പേരെവിടെ എന്ന് ചോദിച്ച് ഒരു പ്രചരണം നവമാധ്യമങ്ങളിലൂടെ തുടങ്ങിയിരിക്കുകയാണ് അവര്‍. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെയുള്ള ആദ്യ ചുവടു വെപ്പാണിത്.
എല്ലാ ഔദ്യോഗികമായ രേഖകളിലും സ്ത്രീകളുടെ പേരുകള്‍ ഉള്‍പ്പെടുത്തുക, അഫ്ഗാന്‍ ജനതയെക്കൊണ്ടു തങ്ങളുടെ പേര് വിളിപ്പിക്കുക എന്നതാണ് ക്യാംപെയിനിന്‍റെ ലക്ഷ്യം. ക്യാംപെയിനിലൂടെ അഫ്ഗാന്‍ സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ക്യാംപെയിനിലെ അംഗമായ ബട്ടൂല്‍ മൊഹമ്മദ് പറയുന്നതിങ്ങനെ, ബാങ്കില്‍ ഒരു ഫോം പൂരിപ്പിക്കാനായി പോയതായിരുന്നു ഞാന്‍ . മാനേജര്‍ അമ്മയുടെ പേര് ചോദിച്ചപ്പോള്‍ പറയാന്‍ എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. കാരണം വര്‍ഷങ്ങളായിട്ട് ആരും അമ്മയുടെ പേര് വിളിക്കാറില്ല. ആതുകൊണ്ട് ആ പേര് ഞാനും മറന്ന് പോയി.
2001 ല്‍ താലിബാന്‍ അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്ന് സ്കൂളില്‍ പോവാനും വോട്ട് ചെയ്യാനും ജോലി ചെയ്യാനുമുള്ള അവകാശം സ്ത്രീകള്‍ക്ക് കിട്ടിയെങ്കിലും വീടുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നം അതി രൂക്ഷമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ശിക്ഷ കൊടുക്കാറില്ല. ആക്ടിവിസ്റ്റ് ബാഹര്‍ സൊഹാലിയും കൂട്ടുകാരും തങ്ങളുടെ പേരുകള്‍ ഉറക്കെ വിളിച്ച് പറയാന്‍ കഴിയുന്ന ലോകത്തെ സ്വപ്നം കാണുന്നു, തങ്ങളും ആംഗീകരിക്കപ്പെടുന്ന നാളിനായി കാത്തിരിക്കുകയാണ് അവര്‍.
