തിരുവനന്തപുരം നഗരൂരില്‍ എസ്ഐയെ ആക്രമിച്ച പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ചന്തുവിനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരില്‍ എസ്ഐയെ ആക്രമിച്ച പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ചന്തുവിനെ സസ്പെൻഡ് ചെയ്തു. കടുത്ത അച്ചടക്കലംഘനം എന്ന് ചൂണ്ടിക്കാട്ടിയാണ് റൂറല്‍ എസ്പിയുടെ നടപടി. വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. രണ്ട് ദിവസം മുമ്പ് വെള്ളല്ലൂർ ശിവക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. രാത്രി ഗാനമേളക്കിടയിൽ നാട്ടുകാർ തമ്മില്‍ അടിയുണ്ടായി. നാട്ടുകാരൻ കൂടിയായ പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ചന്തുവും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ചന്തു ഉള്‍പ്പെടെ എല്ലാവരെയും നഗരൂർ എസ്ഐ അൻസാറിന്‍റെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്ത് നിന്ന് മാറ്റി.
പിന്നീട് ഗാനമേള കഴിഞ്ഞ് പൊലീസ് സംഘം മടങ്ങവേ ചന്തുവിന്‍റെ നേതൃത്വല്ല നാട്ടുകാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. എസ്ഐ അന്‍സാറിനെ മർദിക്കുകയും സമീപത്തെ ഓടയിലേക്ക് തള്ളിയിടുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് തന്നെ ചന്തു, സഹോദരന്‍ ആരോമല്‍, ആദ്യതൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ പൊലീസ് സൂപ്രണ്ട് ജെ മഹേഷ് ചന്തുവിനെ സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ് പിക്കാണ് അന്വേഷണചുമതല.



