ദമാം: 600 റിയാല്‍ ശമ്പളത്തില്‍ എട്ടു വര്‍ഷത്തോളം റിയാദിലെ ഈന്തപ്പന തോട്ടത്തില്‍ ജോലി ചെയ്ത തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി റഫി അഹമ്മദിനു ശമ്പളം കൂട്ടി ചോദിച്ചപ്പോള്‍ ലഭിച്ചത് ഒട്ടകത്തെ മേയ്‌ക്കുന്ന ജോലി. കടുത്ത മാനസിക പീഡനം അനുഭവിച്ച റഫി സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ്. ഒരുപാട് കഷ്‌ടപ്പെട്ടു, ഭക്ഷണവും വെള്ളവും പോലും കിട്ടാതെ ഒട്ടകം മേച്ച് നടന്നു. അമ്മ മരിച്ചപ്പോള്‍ പോലും നാട്ടില്‍ പോകാനായില്ലെന്ന് റഫി പറയുന്നു.

അവധികഴിഞ്ഞു തിരിച്ചെത്തിയ റഫി അഹമ്മദ് തനിക്കു കഴിഞ്ഞ എട്ടുവര്‍ഷമായി ലഭിക്കുന്ന 600 റിയാല്‍ ശമ്പളം കൂട്ടിനല്‍കണമെന്നു തന്റെ സ്‌പോണ്‍സറോട് അഭ്യര്‍ത്ഥിച്ചു.എന്നാല്‍ ശമ്പളം കൂട്ടുന്നതിന് പകരം മരുഭൂമിയില്‍ ഒട്ടകത്തെ മേയ്‌ക്കുന്ന ജോലിയാണ് സ്‌പോണ്‍സര്‍ നല്‍കിയത്. ഇതിനിടക്ക് എംബസിയെ സമീപിച്ചു രക്ഷപെടാനുള്ള ശ്രമം നടത്തി.എന്നാല്‍ എംബസിയിലേക്കുള്ള യാത്രാമധ്യേ ടാക്‌സി ഡ്രൈവര്‍ കൈയ്യിലുണ്ടായിരുന്ന രണ്ടായിരം റിയാല്‍ പിടിച്ചു വാങ്ങി അഹമ്മദിനെ റോഡില്‍ ഉപേക്ഷിച്ചു.

ഇപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിലാണ് നാട്ടിലേക്കുള്ള പോകാനുള്ള രേഖകള്‍ ശരിയാക്കുന്നത്. രേഖകളും വിമാന ടിക്കറ്റും ശരിയാക്കി രണ്ടു ദിവസത്തിനുള്ളില്‍ അഹമ്മദിനു നാട്ടിലേക്കു മടങ്ങാം എന്നാണ് കരുതുന്നത്.