ഇസ്ലാമാബാദ്: മതനിന്ദ കേസില്‍ പാക് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ആസിയ ബീവി ജയില്‍ മോചിതയായില്ല. വിധി വന്ന് ഒരാഴ്ചക്ക് ശേഷവും ആസിയ ബീവി ജയിലില്‍ തുടരുകയാണ്. ആസിയ ബീവിയെ ജയിലില്‍ നിന്നും മോചിപ്പിക്കാനുള്ള ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. സുപ്രീംകോടതി ഒരാളെ  കുറ്റവിമുക്തയാക്കിയാല്‍ രണ്ടുദിവസത്തിനുള്ളില്‍ അവരെ കോടതിയില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍ ഒരാഴ്ചയായിട്ടും ആസിയ ബീവിയെ ജയിലില്‍ നിന്നും മോചിപ്പിക്കുന്നതിന് ഉത്തരവ് ലഭിച്ചിട്ടില്ല. 

എട്ടുവര്‍ഷം നീണ്ട ഏകാന്ത തടവിനൊടുവിലാണ് മുഹമ്മദ് നബിയെ അപമാനിച്ചെന്ന കേസിൽ പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യൻ യുവതിയെ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയത്. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയിൽ പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സംസാരിച്ചെന്ന കേസിലാണ് ആസിയ ബീബിയെ വധശിക്ഷയ്ക്ക് വിധിച്ചത്. 

2010 ലായിരുന്നു കേസിനാസ്പദമായ സംഭവം. കുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു കണ്ടെത്തിയ പാകിസ്ഥാൻ സുപ്രീംകോടതി വധശിക്ഷയ്ക്കെതിരെ ആസിയ നൽകിയ അപ്പീൽ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ആസിയയെ വെറുതെവിട്ട കോടതി വിധിക്കെതിരെ മതസംഘടനകള്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സുപ്രീംകോടതി ആസിയ ബീവിയെ കുറ്റവിമുക്തയാക്കിയെങ്കിലും രാജ്യംവിടാന്‍ സര്‍ക്കാരിന്‍റെ വിലക്കുണ്ട്. രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെ വിദേശരാജ്യങ്ങളുടെ ഇടപെടല്‍ തേടി കുടുംബം രംഗത്തെത്തിയിരുന്നു.