ബഹ്റായിച്ച്: തലാക്ക് ചൊല്ലി ബന്ധം ഒഴിഞ്ഞ ഭർത്താവിന്റെ നാലാം വിവാഹശ്രമം മൂന്ന് മുൻ ഭാര്യമാർ ഒത്തുചേർന്ന് തടഞ്ഞു. ഉത്തർപ്രദേശിലെ ബഹ്റായിച്ചിലാണ് സംഭവം. മുൻ ഭർത്താവിനെതിരേ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും തങ്ങളുടെ സ്വകാര്യ വീഡിയോകൾ നിർമിച്ചതിനും ഭാര്യമാർ പോലീസിൽ പരാതിപ്പെടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ മുപ്പതുകാരനായ ഡാനിഷിനെതിരേ പോക്സോ ഉൾപ്പെടെ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
2013ലാണ് ഡാനിഷ് ആദ്യ വിവാഹം കഴിച്ചത്. ഭാര്യയുടെ അശ്ലീല എംഎംഎസ് പുറത്തുവിടുമെന്ന് ഇയാൾ ഭാര്യയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി. തുടർന്ന് തലാക്ക് ചൊല്ലി ബന്ധം വേർപെടുത്തി. പിന്നീട് രണ്ടാം വിവാഹം കഴിച്ചെങ്കിലും ഒരു വർഷത്തിനുശേഷം അതും തലാക്കിലൂടെ ഒഴിഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ അമ്മാവന്റെ വീട്ടിലെത്തിയ ഇയാൾ അവരുടെ പതിനഞ്ചുകാരിയായ മകളെ ബലാത്സംഗം ചെയ്യുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു.
ഇവരുടെയും അശ്ലീല എംഎംഎസ് കാണിച്ച് ഡാനിഷ് ഭീഷണിപ്പെടുത്താനാരംഭിച്ചു. കുറച്ചുനാളുകൾക്കുശേഷം അവരെയും അയാൾ തലാക്ക് ചൊല്ലി. ഡാനിഷ് നാലാം വിവാഹം കഴിക്കാനൊരുങ്ങുന്നതായി വിവരം ലഭിച്ചതോടെ മൂന്ന് സ്ത്രീകളും ഒന്നിച്ചെത്തി പോലീസിൽ പരാതി നല്കുകയായിരുന്നു.
