ഹിന്ദിയില്‍ ബോര്‍ഡ് വെക്കുന്നതിനെതിരെ ബംഗളൂരു മെട്രോയില്‍ നടന്ന സമരം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെയും നീളുന്നു. ഹിന്ദിക്കെതിരെ 'നമ്മ മെട്രോ ഹിന്ദി ബേഡ' എന്ന പേരില്‍ ആരംഭിച്ച സമരം ഇപ്പോള്‍ കന്നഡ അറിയാത്ത എന്‍ജിനീയര്‍മാരെ പിരിച്ചു വിടണമെന്ന തരത്തിലാണ് ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്. ഹിന്ദി ബോർഡുകൾ എടുത്തുകളയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രസർക്കാരിന് കത്തയച്ചു.

കർണാടകത്തിൽ ആവശ്യത്തിന് എഞ്ചിനീയറിങ് കോളേജുകളും എഞ്ചിനീയർമാരും ഉളളപ്പോൾ എന്തിനാണ് പുറത്തുനിന്നുളളവരെന്ന് കർണാടക വികസന അതോറിറ്റി ചെയർമാൻ സർക്കാരിനയച്ച കത്തിൽ ചോദിച്ചിരുന്നു.മെട്രോ റെയിൽ കോർപ്പറേഷൻ ഓഫീസിൽ ഹിന്ദി സംസാരിക്കുന്ന നിരവധി പേരെ കണ്ടെന്നായിരുന്നു ചെയർമാൻ സിദ്ധരാമയ്യ സൂചിപ്പിച്ചത്.ഇത് തീവ്ര കന്നഡ സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു.സംസ്ഥാനത്തിന്‍റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട് എന്നായിരുന്നു പുതിയ ആവശ്യത്തോട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം.കർണാടകത്തിന് സ്വന്തമായി പതാകയും കന്നഡ സംസാരിക്കുന്നവർക്ക് സിവിൽ സർവീസിൽ സംവരണവും ഏർപ്പെടുത്താനുളള തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് ഹിന്ദി വിരുദ്ധ സമരം മറ്റൊരു തലത്തിലേക്ക് കടക്കുന്നത്