ലഡാക്ക്: ജമ്മു-കാശ്മീരിലെ ലഡാക്ക് അതിർത്തിയിൽ പ്രകോപനമുണ്ടാക്കുന്നതിൽ നിന്ന് പിന്മാറാൻ ഇന്ത്യാ ചൈനാ സൈനികോദ്യോഗസ്ഥർ തമ്മിൽ ധാരണ. ലേ ലഡാക്കിൽ ചൈന നുഴഞ്ഞ് കയറ്റ ശ്രമം നടത്തിയതിന് പിന്നാലെ ആയിരുന്നു സൈനിക കൂടിക്കാഴച .അതിനിടെ പൂഞ്ചിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു.
ഡോക്ലാമിൽ ഇന്ത്യ, ചൈനീസ് സൈനികർ നേർക്കുനേർ നിൽക്കാൻ തുടങ്ങിയിട്ട് 50 ദിവസം പിന്നിട്ടു. ഇന്ത്യയുടെ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് നടത്തുന്ന അതിർത്തി യോഗത്തിൽ നിന്ന് പോലും ചൈന വിട്ട് നിന്നിരുന്നു. ഇന്ത്യ സ്വാതന്ത്ര ദിനം ആഘോഷിക്കുമ്പോള്‍ ലഡാക്കിലെ പനോങ്ങ് തടാകത്തിന് സമീപം നുഴഞ്ഞ് കയറാനും ചൈനീസ് ശ്രമമുണ്ടായി.
ഇന്ത്യൻ സൈനികർക്ക് നേരെ കല്ലെറിഞ്ഞ് പ്രകോപനത്തിന് ശ്രമമുണ്ടായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ലെയിൽ ഇരു രാജ്യങ്ങളിലെയും സൈനികോദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയത്. ചൈനീസ് നുഴഞ്ഞ് കയറ്റത്തെപറ്റി ചർച്ചയിൽ രൂക്ഷമായ വാദ പ്രതിവാദം നടന്നു .പക്ഷെ അതിർത്തിയിൽ പ്രകോപനമുണ്ടാക്കുന്നതിൽ നിന്ന് പിന്മാറാറാൻ ഇരു വിഭാഗവും ചർച്ചയിൽ ധാരണയായി.
പ്രശ്നം രൂക്ഷമാവുന്നതിനിടെ ഇരു വിഭാഗവും ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടിരുന്നു.അതിനിടെ ജമ്മുകശ്മീരിലെ പുഞ്ച് ജില്ലയിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഈ മാസം ആറാം തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.
ചൈനീസ് ഉപപ്രധാനമന്ത്രി പാക്കിസ്ഥാൻ സ്വാതന്ത്രദിനത്തിൽ പങ്കെടുത്ത് തിരികെ പോയതിന് തൊട്ട് പിന്നാലെയാണ് പ്രകോപനമുണ്ടായത്. ഷെല്ലാക്രമണത്തിൽ ആർക്കും പരിക്കില്ല.
