തൃശൂര്‍: ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തമുഖത്ത് നിന്നും മത്സ്യത്തൊഴിലാളികള്‍ വീണ്ടും കടലിലേക്ക് തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ പോയിത്തുടങ്ങി. കയ്പമംഗലത്തെ വഞ്ചിപ്പുര, കൂരിക്കുഴിയിലെ കമ്പനിക്കടവ്, ചാമക്കാല തുടങ്ങിയ തീരങ്ങളില്‍ നിന്നാണ് തൊഴിലാളികള്‍ കടലിലിറങ്ങിയിട്ടുള്ളത്.
പ്രദേശങ്ങളില്‍ കടല്‍ ശാന്തമാണ്. കനത്ത നാശനഷ്ടമാണ് തീരവാസികള്‍ക്ക് ഓഖിയുണ്ടാക്കിയിട്ടുള്ളത്. ചൊവ്വാഴ്ച മുതല്‍ തൊഴിലാളികള്‍ വലകള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് സജ്ജരായി. ബുധനാഴ്ച പുലര്‍ച്ചെ വള്ളങ്ങളിറക്കി തുടങ്ങി. ചെറുവള്ളങ്ങളിലും മൂടുവെട്ടി വള്ളങ്ങളിലുമായാണ് തൊഴിലാളികള്‍ പുറപ്പെട്ടത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും പൊലീസിന്റെയുമെല്ലാം അഭ്യര്‍ത്ഥനമാനിച്ച് അധികം ദൂരത്തേക്കൊന്നും പോകുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.
അതേസമയം, കടലില്‍ ഇറങ്ങാന്‍ ഔദ്യോഗികമായി അറിയിപ്പൊന്നും ഇതുവരെ നല്‍കിയിട്ടില്ല. തിങ്കളാഴ്ച മുതല്‍ പലരും കടലില്‍ പൊയ്തുടങ്ങിയിരുന്നു. വെളൂരിയും ചെറുമീനുമാണ് ഇവര്‍ക്ക് ലഭിച്ചത്. നിലവിലെ വിലക്ക് ലംഘിച്ച് ചാവക്കാട് തൊട്ടാപ്പ് മേഖലയില്‍ ചെറുവഞ്ചിയില്‍ കടലിലിറങ്ങിയ തൊഴിലാളികളെ പൊലീസ് കരയ്ക്കുകയറ്റി. മൂന്ന് വഞ്ചികളിലായി തീരക്കടലില്‍ ഇറങ്ങിയവരെയാണ് നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫിഷറിസ് എസ്‌ഐ ഫാത്തിമയുടെ നേതൃത്വത്തില്‍ കരയ്ക്ക് കയറ്റിയത്. സര്‍ക്കാര്‍ അനുമതി ലഭ്യമാകാതെ ആരെയും കടലിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് എസ്‌ഐ വ്യക്തമാക്കി. ചെറുവഞ്ചിക്കാര്‍ക്ക് ഇളവ് നല്‍കിയാല്‍ ബോട്ടുകാരും കടലില്‍ ഇറങ്ങുമെന്ന ആശങ്കയാണ് പൊലീസിനും ഫിഷറിസിനും.
കടല്‍ ശാന്തമായി മത്സ്യബന്ധനം സാധാരണഗതിയിലെത്താന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് തൊഴിലാളികളുടെ നിഗമനം.
ഓഖി നാശമുണ്ടാക്കിയ ജില്ലയിലെ തീരമേഖലയില്‍ വിവിധ രാഷ്ട്രീയ കക്ഷികളും യുവജന-സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഫയര്‍ഫോഴ്‌സ് സേനയുടെ സേവനവും ശുചീകരണത്തിനുണ്ട്. തിരയടിച്ച് ചെളിയും മണലും കയറി ഉപയോഗയോഗ്യമല്ലാതായ വീടുകള്‍ വൃത്തിയാക്കി തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് പല കുടുംബങ്ങളും സ്വന്തം ഗൃഹങ്ങളിലേക്ക് മാറി തുടങ്ങി. കിണറുകളും കുളങ്ങളും വെടിപ്പാക്കുന്ന പ്രക്രിയകളും പുരോഗമിക്കുന്നുണ്ട്. തീരപ്രദേശങ്ങളിലെ വീടുകളിലേക്ക് ശുദ്ധജല വിതരണം 24 മണിക്കൂറും നടക്കുന്നുണ്ട്. ജെസിബി ഉപയോഗിച്ച് സീവാള്‍ റോഡുകളിലെയും മറ്റും മണല്‍ നീക്കുന്ന പ്രവര്‍ത്തികളും ഊര്‍ജിതമാണ്. വൈദ്യുതി വിതരണം ഇതിനകം തന്നെ പൂര്‍വസ്ഥിതിയിലാക്കി.
