Asianet News MalayalamAsianet News Malayalam

പുൽവാമ ഭീകരാക്രമണം: ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിച്ചു

പാകിസ്ഥാനിൽ നിന്ന് പണം പറ്റുന്ന ചാരൻമാരുടെ സുരക്ഷ പിൻവലിക്കുമെന്ന് ജമ്മു കശ്മീരിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

After Pulwama attack, Govt withdraws security cover of five Kashmir separatists
Author
Srinagar, First Published Feb 17, 2019, 12:20 PM IST

ദില്ലി: പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കൾക്കുള്ള സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചു. ഹൂറിയത്ത് കോൺഫറൻസ് നേതാവ് മിർവായിസ് ഉമർ ഫാറൂഖ് ഉൾപ്പടെ അഞ്ച് വിഘടനവാദി നേതാക്കൾക്കുള്ള സുരക്ഷയാണ് കേന്ദ്രസർക്കാർ പിൻവലിച്ചത്. 

മിർ വായിസ് ഉമർ ഫറൂഖ്, അബ്ദുൾ ഗനി ഭട്ട്, ബിലാൽ ലോൻ, ഹാഷിം ഖുറേഷി, ഷബീർ ഷാ എന്നിവർക്ക് ഇനി ജമ്മു കശ്മീർ പൊലീസിന്‍റെയോ, കേന്ദ്രസേനയുടെയോ സുരക്ഷയുണ്ടാകില്ല.

പാകിസ്ഥാന്‍റെയും ഐഎസ്ഐയുടെയും പണം പറ്റുന്ന ചിലരെങ്കിലും ഇപ്പോഴും ജമ്മു കശ്മീരിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് നേരത്തെ ആ‌ഞ്ഞടിച്ചിരുന്നു. 'ഇവരെ കണ്ടെത്തി ഒറ്റപ്പെടുത്തണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും.' - രാജ്‍നാഥ് സിംഗ് പറഞ്ഞു.

പേരെടുത്ത് പറഞ്ഞില്ലെങ്കിലും ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കളെയും ഹുറിയത്ത് കോൺഫറൻസ് നേതാക്കളെയുമാണ് രാജ്‍നാഥ് സിംഗ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. 

ജമ്മു കശ്മീരിൽ കർശനനിയന്ത്രണം ഏ‍ർപ്പെടുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നു. രാജ്‍നാഥ് സിംഗ് ശ്രീനഗറിൽ വിളിച്ച ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്.

ആർമി കമാൻഡർ, സിആർപിഎഫ് ഡയറക്ടർ ജനറൽ ഉൾപ്പടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. സൈനികവിഭാഗങ്ങളുടെ വൻ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഇനി പ്രധാന റോഡുകളിലൊന്നിലും സിവിലിയൻ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. 

പുൽവാമയ്ക്ക് കിലോമീറ്ററുകൾക്കപ്പുറം മാത്രം താമസിച്ചിരുന്ന ഭീകരവാദി ആദിൽ അഹമ്മദ് ധർ ബോംബ് നിറച്ച സ്വന്തം വാഹനം സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയാണ് ചാവേറാക്രമണം നടത്തിയത്. വാഹനവ്യൂഹം കടന്നുപോകുമ്പോൾ വഴിയരികിൽ കാർ നിർത്തിയിട്ട് കാത്തു നിൽക്കുകയായിരുന്നു ധർ. ഇത്തരം സാഹചര്യം ഇനി ആവർത്തിക്കാതിരിക്കാനാണ് സൈന്യം ജാഗ്രത പുലർത്തുന്നത്.

Follow Us:
Download App:
  • android
  • ios