ദളിത് കുട്ടികൾ പഠിക്കുന്നു; സർക്കാർ സ്‍കൂളിന് അയിത്തം

കോഴിക്കോട്: ദളിത് കുട്ടികൾ പഠിക്കുന്നു എന്ന കാരണത്താൽ സർക്കാർ സ്കൂളിനോട് പ്രദേശവാസികളുടെ അയിത്തം. കോഴിക്കോട് പേരാമ്പ്ര ഗവണ്‍മെന്‍റ് വെൽഫയർ എൽ പി സ്കൂളിലാണ് സംഭവം. കഴിഞ്ഞകൊല്ലം മന്ത്രി ടിപി രാമകൃഷ്ണൻ നേരിട്ട് നാട്ടുകാരുടെ യോഗം വിളിച്ചിട്ടും ദളിത് വിദ്യാർത്ഥികളല്ലാത്ത ആരും ഇത്തവണയും പ്രവേശനത്തിനെത്തിയില്ല.
വൈദ്യുതീകരിച്ച് നിലം ടൈൽ പാകി മനോഹരമാക്കിയ നാല് ക്ലാസ് മുറികളും നിറയെ പഠനോപകരണങ്ങളും ഉള്‍പ്പെട ആധുനിക സൗകര്യങ്ങളെല്ലാം ഈ സ്കൂളില്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഒരു സ്മാർട്ട് ക്ലാസ് റൂം, കളിച്ചുല്ലസിക്കാൻ പാർക്ക്, ഇതൊക്കെയുണ്ട്. പക്ഷേ ഈ എൽ പി സ്കൂളിൽ ആകെയുള്ളത് പതിനാല് കുട്ടികളാണ്.
ഒന്നാംക്ലാസിൽ ഇത്തവണ പ്രവേശനം നേടിയത്. നാല് പേർ മാത്രം. രക്ഷിതാക്കളെല്ലാം കുട്ടികളെ എയിഡഡ് സ്കൂളുകളിൽ ചേർത്തത് കൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്. തൊട്ടടുത്തുള്ള കിഴിഞ്ഞാണ്യം എൽ പി സ്കൂളിൽ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ പലരും വെൽഫയർ സ്കൂളിന് തൊട്ടടുത്ത് താമസിക്കുന്നവർ. അയിത്തം പറഞ്ഞ് ആരും കുട്ടികളെ ഇവിടെ ചേർക്കാൻ തയ്യാറാവുന്നില്ല എന്നർത്ഥം.
നാല് അധ്യാപകരാണ് ഇവിടെയുള്ളത്. എല്ലാവരും ഇങ്ങോട്ട് സ്ഥലം മാറ്റം ചോദിച്ച് വാങ്ങിയവർ. സാമൂഹ്യ പ്രവർത്തകരും വിദ്യാർത്ഥി സംഘടനകളുമെല്ലാം എല്ലാ വർഷവും സാന്പത്തികമായി വലിയ സംഭാവനകൾ സ്കൂളിനായി ചെയ്യുന്നുണ്ട്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യതകളെ കുറിച്ച് സർക്കാർ തന്നെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്പോഴാണ് അയിത്തത്തിന്‍റെ പേരിൽ ഒരു സർക്കാർ വിദ്യാലയത്തെ മാറ്റി നിർത്തുന്നത്. കേരളം ഇത് കണ്ടില്ലെന്ന് നടിക്കരുത്.
അരികുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട അംബ്ദേക്കര്‍ കോളനിക്കാര്‍

അയിത്തവും തൊട്ടുകൂടായ്മയും നേരിട്ട് അരികുകളിൽ ജീവിക്കാനാണ് പാലക്കാട് ഗോവിന്ദാപുരത്തെ അംബേദ്കര്‍ കോളനിയിലെ മനുഷ്യരുടെ വിധി. ഒരു സമുദായത്തിൽ ജനിച്ചതുകൊണ്ടുമാത്രം പ്രത്യേകം പലചരക്കുകടയും കുടിവെള്ളടാപ്പും ബാർബർ ഷോപ്പും വരെയുള്ളവർ. എന്നാല്‍ ഈ വാര്‍ത്ത കൂടുതല്‍ അമ്പരപ്പുള്ളതാകുന്നത് ജാതീയമായ വേർതിരിവ് നേരിടുന്ന ചക്കിലിയ സമുദായത്തിന് ഫണ്ട് അനുവദിക്കാതെ പഞ്ചായത്തിനെക്കുറിച്ചു കൂടി അറിയുമ്പോഴാണ്. ഓലയും ഷീറ്റും മറച്ച കൂരകളിൽ കഴിയുന്ന ഇവർക്ക്, വീടിനും അറ്റകുറ്റപ്പണിക്കും പഞ്ചായത്ത് ഫണ്ട് നൽകുന്നില്ലെന്നാണ് പരാതി.
അംബേദ്കര്‍ കോളനിയിലെ ചക്കിലിയ വിഭാഗം ആളുകള്‍ താമസിക്കുന്ന വീടുകളുടെ എല്ലാം അവസ്ഥ ഏതാണ്ട് സമാനമാണ്. ചുമര്‍ ഇടിഞ്ഞും മേല്‍ക്കൂര പൊളിഞ്ഞും നൂറ്റിയമ്പത് വീടുകള്‍. ഓലയും ഷീറ്റും മേഞ്ഞ പുരകളില്‍ കുഞ്ഞുങ്ങളെയും കൊണ്ട് കഴിയുകയാണ് ഇവര്‍. ജാതീയമായ അയിത്തം, പഞ്ചായത്ത് ഫണ്ട് നല്‍കുന്നതില്‍ വരെ ഉണ്ടെന്ന് ഇവര്‍ ആക്ഷേപിക്കുന്നു.
എന്നാല്‍ ഇത് ഫണ്ട് പാസാകാനുള്ള കാലതാമസം മാത്രമാണെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. ഇത്തരത്തിലുള്ള യാതൊരു പരാതിയും കോളനിക്കാര്‍ പറഞ്ഞിട്ടില്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പറയുന്നു. അംബേദ്‍കര്‍ കോളനിയിലെ ചക്കിലിയവിഭാഗത്തെ ഒറ്റപ്പെടുത്തുന്നു എന്ന് കാണിച്ച് ഇന്ന് എസ്‍സി - എസ്‍ടി കമ്മീഷന് പരാതി നല്‍കാനൊരുങ്ങുകയാണ് കോളനി നിവാസികള്‍.
