വീണ്ടും കർണാടകത്തിൽ കണക്കിലെ കളികൾക്ക് വഴിയൊരുങ്ങുകയാണ്. 224 അംഗമന്ത്രിസഭയിൽ കേവലഭൂരിപക്ഷത്തിന് 113 എംഎൽഎമാർ വേണം. 

ബെംഗലുരു: കർണാടകത്തിൽ വീണ്ടും കണക്കിലെ കളികൾ ലക്ഷ്യമിട്ട് ബിജെപി ഓപ്പറേഷൻ താമര 3.0 നടത്തുന്നു. സർക്കാർ താഴെ വീഴുമെന്ന ഭീഷണി ഉടനില്ലെങ്കിലും ജാഗ്രതയിലാണ് കോൺഗ്രസും ജെഡിഎസ്സും. എംഎൽഎമാർ കൂടുതൽ സ്വന്തം ക്യാമ്പിൽ നിന്ന് കൊഴിഞ്ഞു പോയാൽ പേടിയ്ക്കേണ്ടി വരും.

''സ്ഥിരതയുള്ള ഭരണം കാഴ്ച വയ്ക്കാൻ സഖ്യസർക്കാരിന് സാധിച്ചില്ല. അതിനാൽ ഈ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ബിജെപിയ്ക്കൊപ്പം നിൽക്കാനാണ് തീരുമാനം. ബിജെപി സർക്കാരിന് സ്ഥിരതയാർന്ന ഒരു ഭരണം നൽകാൻ കഴിയുമോ എന്ന് നോക്കട്ടെ'' - പിന്തുണ പിൻവലിക്കാൻ സ്വതന്ത്ര എംഎൽഎ എച്ച് നാഗേഷ് പറഞ്ഞതിങ്ങനെയാണ്.

Scroll to load tweet…

നാടകീയനീക്കങ്ങളുടെ പശ്ചാത്തലത്തിൽ കർണാടകത്തിന്‍റെ ചുമതലയുള്ള കോൺഗ്രസ് എംപി കെ സി വേണുഗോപാൽ ബംഗലുരുവിലെത്തിയിട്ടുണ്ട്. കോൺഗ്രസ് - ജെഡിഎസ് സർക്കാരിന് ഒരു ഭീഷണിയുമില്ലെന്നും വീണ്ടും ബിജെപി പരിഹാസ്യരാകാനാണ് പോകുന്നതെന്നും വേണുഗോപാൽ പ്രതികരിച്ചു.

ബിജെപി ഞങ്ങളുടെ എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുകയാണെന്ന് നേരത്തേ വ്യക്തമായിട്ടുണ്ടെന്നായിരുന്നു കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര പ്രതികരിച്ചത്. ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് വ്യക്തമായെന്നും പരമേശ്വര.

Scroll to load tweet…

കണക്കിലെ കളികളെന്ത്?

ആകെ എംഎൽഎമാർ : 224

കേവലഭൂരിപക്ഷത്തിന് : 113 എംഎൽഎമാർ

സ്പീക്കർ - 1 (കോൺഗ്രസ് അംഗം)

കോൺഗ്രസ് - 79

ജെഡിഎസ് - 37

ബിജെപി - 104

സ്വതന്ത്രർ - 2

ബിഎസ്പി - 1

അതായത് 14 എംഎൽഎമാരെങ്കിലും കളംമാറിച്ചവിട്ടിയാലേ സർക്കാർ താഴെ വീഴൂ എന്നർഥം. 37 അംഗങ്ങളുള്ള ജെഡിഎസ്സിൽ നിന്ന് എംഎൽഎമാരെ സ്വന്തം പാളയത്തിലെത്തിക്കാൻ ബുദ്ധിമുട്ടാണെന്ന് കണ്ടാണ് ഉത്തര കർണാടക മേഖലയിലെ കോൺഗ്രസ് എംഎൽഎമാരെ ലക്ഷ്യമിട്ട് ബിജെപി മുന്നോട്ട് നീങ്ങുന്നത്. ബിജെപിയുടെ ഓപ്പറേഷൻ താമര കർണാടകത്തിൽ വിജയം കാണുമോ? കാത്തിരുന്ന് കാണണം.